ഇ-വിസ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാൻ രാജ്യത്തെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളോട് ബഹ്‌റൈൻ നാഷണൽ പാസ്സ്പോർട്സ് ആൻഡ് റസിഡൻസ് അഫയേഴ്‌സ് (NPRA) ആഹ്വാനം ചെയ്തു. https://www.evisa.gov.bh/ എന്ന വിലാസത്തിൽ ബഹ്‌റൈനിലെ ഇ-വിസ സേവനങ്ങൾക്കുള്ള വെബ്സൈറ്റ് ലഭ്യമാണ്.
ഈ സംവിധാനത്തിലെ സേവനങ്ങൾ പൂർണമായും ഉപയോഗപ്പെടുത്തുന്നതിന് രജിസ്‌ട്രേഷൻ പൂർത്തിയാക്കാനും, രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്ന സ്ഥാപനങ്ങളോട് തങ്ങളുടെ വിവരങ്ങൾ ഈ സംവിധാനത്തിൽ ഉൾപ്പെടുത്താനും NPRA ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിന്റെ പ്രവർത്തിസമയങ്ങൾക്ക് ശേഷവും സന്ദർശക വിസകൾക്ക് അപേക്ഷിക്കുന്നതിനും, മറ്റു ഇ-വിസ സേവനങ്ങൾ, ഇ-വിസ നേടുന്നതിനുള്ള യോഗ്യതകളെക്കുറിച്ചുള്ള വിവരങ്ങൾ, ഇ-വിസ അപേക്ഷകളുടെ സ്ഥിതി പരിശോധിക്കുന്നതിനുള്ള സൗകര്യം മുതലായ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ഈ വെബ്‌സൈറ്റിലൂടെ സാധിക്കുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന് 17399764 എന്ന നമ്പറിൽ NPRA-യുടെ കമ്മ്യൂണിക്കേഷൻ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. പൊതുജനങ്ങളിലേക്ക് തങ്ങളുടെ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി ലഭ്യമാകുന്നതിന്റെ ഭാഗമായി ബഹ്‌റൈനിലെ ഇ-വിസ സേവനങ്ങൾക്കുള്ള വെബ്സൈറ്റ് 2020 ഓഗസ്റ്റിലാണ് NPRA നവീകരിച്ചത്. രാജ്യത്ത് എല്ലാ വകുപ്പുകളിലും ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള സർക്കാർ നയത്തിന്റെ കൂടി ഭാഗമായാണ് ഈ തീരുമാനം നടപ്പിലാക്കിയത്.