അൽ ഫത്തേഹ് ഹൈവേ വികസന പദ്ധതിയുടെ ഭാഗമായുള്ള യു-ടേൺ ഫ്ലൈഓവർ തുറന്ന് കൊടുത്തുതായി ബഹ്റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു. ബഹ്റൈൻ മിനിസ്ട്രി ഓഫ് വർക്സ് മന്ത്രി ഇബ്രാഹിം ബിൻ ഹസ്സൻ അൽ ഹവാജാണ് ഈ ഫ്ലൈഓവർ ഉദ്ഘാടനം ചെയ്തത്.
ബഹ്റൈനിലെ ആദ്യത്തെ യു-ടേൺ ഫ്ലൈഓവറാണിതെന്ന് അധികൃതർ വ്യക്തമാക്കി. അൽ ഫത്തേഹ് ഹൈവേ വികസന പദ്ധതിയുടെ അമ്പത്തൊന്ന് ശതമാനം പൂർത്തിയായതായി മന്ത്രി അറിയിച്ചു.

ബഹ്റൈനിലെ അടിസ്ഥാന വികസന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് അൽ ഫത്തേഹ് ഹൈവേ വികസന പദ്ധതി. ഷെയ്ഖ് ഹമദ് കോസ്വേ മുതൽ മിന സൽമാൻ ഇന്റർസെക്ഷൻ വരെയാണ് അൽ ഫത്തേഹ് ഹൈവേ വികസന പദ്ധതി നടപ്പിലാക്കുന്നത്.

ഇതിന്റെ ഭാഗമായി, ഗതാഗതം സുഗമമാക്കുന്നതിനും, ഇരുവശത്തേക്കും തടസ്സമില്ലാത്ത ഗതാഗതം ഉറപ്പ് വരുത്തുന്നതിനുമായി അൽ ഫത്തേഹ് ഹൈവേയിലെ എല്ലാ ഇന്റർസെക്ഷനുകളും വികസിപ്പിക്കുന്നുണ്ട്. മൂന്ന് വർഷം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതിയ്ക്ക് 2021 ഏപ്രിലിലാണ് തുടക്കമിട്ടത്.
Cover Image: Bahrain Ministry of Works.