ഖത്തറിൽ നിന്നുള്ള വിമാനങ്ങൾക്ക് ജനുവരി 11, തിങ്കളാഴ്ച്ച മുതൽ രാജ്യത്തിന്റെ വ്യോമ അതിർത്തികൾ തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി ബഹ്റൈൻ മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ടേഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസിനു കീഴിലുള്ള സിവിൽ ഏവിയേഷൻ അഫയേഴ്സ് (CAA) പ്രഖ്യാപിച്ചു. ബഹ്റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സിവിൽ ഏവിയേഷൻ അഫയേഴ്സ് പ്രഖ്യാപിച്ചിട്ടുള്ള ഈ തീരുമാന പ്രകാരം, 2021 ജനുവരി 11 രാവിലെ മുതൽ ഖത്തർ രജിസ്ട്രേഷനുള്ള വിമാനങ്ങൾക്ക് ബഹ്റൈൻ വ്യോമ അതിർത്തികൾ ഉപയോഗിച്ച് സർവീസ് നടത്താൻ അനുമതി ഉണ്ടായിരിക്കുന്നതാണ്. ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ സൗദി അറേബ്യ, യു എ ഇ, ഈജിപ്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾ സൗദിയിലെ അൽ ഉലയിൽ വെച്ച് ജനുവരി അഞ്ചിന് നടന്ന ജി സി സി ഉച്ചകോടിയിൽ കരാറിലേർപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് രാജ്യത്തിന്റെ വ്യോമ അതിർത്തികൾ ഖത്തറിൽ നിന്നുള്ള വിമാനങ്ങൾക്ക് തുറന്ന് കൊടുക്കാൻ ബഹ്റൈൻ തീരുമാനിച്ചിട്ടുള്ളത്.
ജി സി സി അംഗരാജ്യങ്ങൾക്കിടയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും, തർക്കങ്ങൾക്കും, ഉപരോധത്തിനും പരിഹാരം കാണുന്നതിനുമായുള്ള പ്രവർത്തനങ്ങൾ നിറവേറ്റുന്നതിനുള്ള നടപടികൾ ഈ കരാറിന്റെ ഭാഗമായി ഈ രാജ്യങ്ങൾ കൈക്കൊള്ളുമെന്ന് കരാറിൽ വ്യക്തമാക്കിയിരുന്നു. ഈ കരാർ പ്രകാരം സൗദി അറേബ്യ, യു എ ഇ എന്നിവർ നേരത്തെ തന്നെ ഖത്തറുമായുള്ള കര, കടൽ, വ്യോമ അതിർത്തികൾ തുറന്നു കൊടുത്തിട്ടുണ്ട്.