ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡ് – ആസ്ട്രസെനേക്ക COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് ബഹ്റൈനിലെത്തി. ജനുവരി 28, വ്യാഴാഴ്ച്ചയാണ് ആദ്യ ബാച്ച് കോവിഷീൽഡ് COVID-19 വാക്സിൻ ബഹ്റൈനിൽ എത്തിയത്.
ബഹ്റൈനിൽ നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ദേശീയ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി കോവിഷീൽഡ് വാക്സിൻ രാജ്യത്തെ പൗരന്മാർക്കും, നിവാസികൾക്കും ലഭ്യമാക്കുന്നതാണ്. ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ H.E. പിയുഷ് ശ്രീവാസ്തവ് ആദ്യ ബാച്ച് വാക്സിൻ ബഹ്റൈനിലെ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഫായീഖ സയീദ് അൽ സാലേയ്ക്ക് കൈമാറി.
കോവിഷീൽഡ് വാക്സിൻ ലഭ്യമാക്കിയതിൽ ബഹ്റൈൻ കിരീടാവകാശി ഇന്ത്യൻ പ്രധാനമന്ത്രിയോടും, സർക്കാരിനോടും നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ തുടരുന്ന ശക്തമായ ബന്ധത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ബഹ്റൈനിലെ മുഴുവൻ നിവാസികളോടും വാക്സിനേഷനിൽ പങ്കെടുക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ബഹ്റൈനിലെ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി ജനുവരി 26-ന് ആസ്ട്രസെനേക്കാ COVID-19 വാക്സിന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയിരുന്നു. ബഹ്റൈനിൽ അടിയന്തിര ഉപയോഗത്തിനുള്ള ഔദ്യോഗിക അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ COVID-19 വാക്സിനാണിത്. നേരത്തെ ചൈനീസ് നിർമ്മിത സിനോഫാം വാക്സിൻ, ഫൈസർ വാക്സിൻ എന്നിവയ്ക്കും ബഹ്റൈനിൽ ഈ അംഗീകാരം നൽകിയിരുന്നു.
ഇംഗ്ലണ്ടിലെ കാംബ്രിഡ്ജിൽ സ്ഥിതിചെയ്യുന്ന ആസ്ട്രസെനേക്ക ബ്രിട്ടീഷ്-സ്വീഡിഷ് സംയുക്ത ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് തയ്യാറാക്കിയ ഈ വാക്സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലാണ് നിർമ്മിക്കുന്നത്. COVID-19 വൈറസിനെതിരെ ഈ വാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പിന് ശേഷം 70.42% ഫലപ്രദമാണെന്ന് ആസ്ട്രസെനേക്കാ പുറത്ത്വിട്ട പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഈ വാക്സിൻ പൊതുവെ സുരക്ഷിതമാണെന്നാണ് പഠന റിപ്പോർട്ടുകൾ തെളിയിക്കുന്നത്.
കോവിഷീൽഡ് – ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പിനുള്ള രജിസ്ട്രേഷൻ ബഹ്റൈനിൽ ആരംഭിച്ചു
കോവിഷീൽഡ് – ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ താത്പര്യമുള്ളവർക്ക്, അതിനുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ‘BeAware’ ആപ്പിലൂടെയോ, https://healthalert.gov.bh/ എന്ന ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയോ ഈ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക്, ആദ്യ ഡോസ് വാക്സിനേഷൻ കുത്തിവെപ്പ് സംബന്ധമായ വിവരങ്ങൾ മന്ത്രാലയത്തിൽ നിന്ന് SMS-ലൂടെ ലഭിക്കുന്നതാണ്. 28 ദിവസത്തെ ഇടവേളയിൽ രണ്ട് തവണയായാണ് കോവിഷീൽഡ് – ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നത്.