ബഹ്‌റൈൻ: വാൽനീവ COVID-19 വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഔദ്യോഗിക അനുമതി നൽകി

GCC News

2022 ഏപ്രിൽ 14 മുതൽ ഫ്രഞ്ച് കമ്പനിയായ വാൽനീവ നിർമ്മിക്കുന്ന COVID-19 വാക്സിനായ VLA2001 ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് രാജ്യത്ത് ഔദ്യോഗിക അനുമതി നൽകിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വാക്സിൻ കുത്തിവെപ്പിന് അർഹതയുള്ള പൗരന്മാർക്കും, പ്രവാസികൾക്കും ബഹ്‌റൈനിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ടെത്തി കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണ്.

കുത്തിവെപ്പ് ലഭിക്കുന്നതിന് മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ലെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വാൽനീവയുടെ COVID-19 വാക്സിന് ആഗോള തലത്തിൽ അടിയന്തിര ഉപയോഗത്തിന് ആദ്യമായി അംഗീകാരം നൽകിയതും, വാക്സിൻ ഡോസുകൾ ആദ്യമായി ലഭ്യമാക്കുന്നതും ബഹ്‌റൈൻ ആണെന്ന് മന്ത്രാലയം അറിയിച്ചു.

പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ഈ വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്. നിലവിൽ വാക്സിൻ സ്വീകരിച്ചിട്ടില്ലാത്തവർക്ക് 28 ദിവസത്തെ ഇടവേളയിൽ 2 ഡോസ് എന്ന രീതിയിലാണ് VLA2001 നൽകുന്നത്. സിനോഫാം, ഫൈസർ, കോവിഷീൽഡ്, VLA2001 എന്നിവയുടെ 2 ഡോസ് സ്വീകരിച്ചിട്ടുളളവർക്ക് ബൂസ്റ്റർ ഡോസ് എന്ന രീതിയിലും ഈ വാക്സിൻ സ്വീകരിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

ഇൻ-ആക്ടിവേറ്റഡ് COVID-19 വാക്സിനായ VLA2001-ന്റെ അടിയന്തിര ഉപയോഗത്തിന് ബഹ്‌റൈൻ അനുമതി നൽകിയതായി 2022 മാർച്ച് 1-ന് വാൽനീവ അധികൃതർ സ്ഥിരീകരിച്ചിരുന്നു. ബഹ്‌റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണ് ഈ അനുമതി നൽകിയത്.

ഈ വാക്സിന്റെ ആദ്യ ബാച്ച് കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തിയിരുന്നു. ബഹ്‌റൈനിലെ ഫ്രഞ്ച് അംബാസഡറിൽ നിന്ന് ബഹ്‌റൈൻ ആരോഗ്യ വകുപ്പ് മന്ത്രി ഫയീഖ ബിൻത് സയീദ് അൽ സലേഹ് വാൽനീവയുടെ ആദ്യ ബാച്ച് വാക്സിൻ ഔദ്യോഗികമായി സ്വീകരിച്ചിരുന്നു.