ബഹ്‌റൈൻ: ഫെബ്രുവരി 11 മുതൽ രാജ്യത്തെ പള്ളികൾ രണ്ടാഴ്ച്ചത്തേക്ക് അടച്ചിടാൻ തീരുമാനം

featured GCC News

രാജ്യത്തെ പള്ളികളിലേക്ക് പ്രാർത്ഥനകൾക്കും, മറ്റു മതപരമായ ചടങ്ങുകൾക്കുമായി വിശ്വാസികൾ പ്രവേശിക്കുന്നതിന് ഫെബ്രുവരി 11, വ്യാഴാഴ്ച്ച മുതൽ താത്‌കാലിക വിലക്കേർപ്പെടുത്താൻ ബഹ്‌റൈൻ തീരുമാനിച്ചു. ഫെബ്രുവരി 11 മുതൽ രണ്ടാഴ്ച്ചത്തേക്കാണ് ഈ വിലക്ക് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

ഫെബ്രുവരി 9-ന് രാത്രിയാണ് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക്ക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക്ക് അഫയേഴ്‌സിന്റെയും, നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്‌സിന്റെയും നിർദ്ദേശങ്ങളെ തുടർന്നാണ് പള്ളികൾ രണ്ടാഴ്ച്ചത്തേക്ക് അടച്ചിടാൻ തീരുമാനിച്ചിട്ടുള്ളത്.

രാജ്യത്ത് നിലവിൽ പ്രകടമാകുന്ന COVID-19 രോഗബാധിതരുടെ എണ്ണത്തിലെ വർദ്ധനവ് കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ പള്ളികളിലെത്തുന്ന പ്രായമായവരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് മന്ത്രാലയം താത്‌കാലിക വിലക്കേർപ്പെടുത്തുന്നത്. സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ ഈ വിലക്ക് നീട്ടാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ അഹ്‌മദ്‌ അൽ ഫത്തേഹ് ഇസ്ലാമിക്ക് സെന്ററിൽ നിന്ന് തത്സമയം പ്രക്ഷേപണം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഏതാനം വിശ്വാസികൾക്ക് ഈ ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ അനുമതി നൽകുന്നതാണ്.