ബഹ്‌റൈൻ: ഓഗസ്റ്റ് 12 മുതൽ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ മാറ്റം വരുത്തുന്നു

featured GCC News

രാജ്യത്തേക്ക് നേരിട്ടുള്ള പ്രവേശനം അനുവദിക്കുന്നതിൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റിൽ 2021 ഓഗസ്റ്റ് 12 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻസ് അഫയേഴ്‌സ് അറിയിച്ചു. രാജ്യത്തെ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌, ഗവണ്മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവരുടെ നിർദ്ദേശങ്ങൾ പ്രകാരമാണ് ഈ തീരുമാനം.

https://twitter.com/MOH_Bahrain/status/1423355579234406408

ഓഗസ്റ്റ് 5-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം മൂന്ന് രാജ്യങ്ങളെക്കൂടി റെഡ് ലിസ്റ്റിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ റെഡ് ലിസ്റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങൾക്ക് പുറമെ ഓഗസ്റ്റ് 12 മുതൽ ജോർജിയ, ഉക്രൈൻ, മലാവി എന്നീ രാജ്യങ്ങളെയാണ് ബഹ്‌റൈൻ റെഡ് ലിസ്റ്റിലേക്ക് ഉൾപ്പെടുത്തുന്നത്. ഇതിന് പുറമെ നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ താഴെ പറയുന്ന രാജ്യങ്ങൾ റെഡ് ലിസ്റ്റിൽ തുടരുന്നതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

  • ഇന്ത്യ
  • ശ്രീലങ്ക
  • പാക്കിസ്ഥാൻ
  • ബംഗ്ലാദേശ്
  • നേപ്പാൾ
  • വിയറ്റ്നാം
  • മൊസാമ്പിക്‌
  • മ്യാന്മാർ
  • സിംബാംവെ
  • മംഗോളിയ
  • നമീബിയ
  • മെക്സിക്കോ
  • ടുണീഷ്യ
  • ഇറാൻ
  • സൗത്ത് ആഫ്രിക്ക
  • ഇന്തോനേഷ്യ
  • ഇറാക്ക്
  • ഫിലിപ്പീൻസ്
  • പനാമ
  • മലേഷ്യ
  • ഉഗാണ്ട
  • ഡൊമിനിക്കൻ റിപ്പബ്ലിക്

റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് യാത്രചെയ്യുന്നവരോ, 14 ദിവസത്തിനിടയിൽ ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ചവരോ ആയ യാത്രികർക്ക് ബഹ്റൈനിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. ബഹ്‌റൈൻ പൗരന്മാർ, ബഹ്‌റൈനിൽ റെസിഡൻസി വിസകളുള്ള പ്രവാസികൾ എന്നിവർക്ക് മാത്രമാണ് ഈ വിലക്കിൽ ഇളവ് അനുവദിച്ചിട്ടുള്ളത്.

റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് പ്രവേശനാനുമതിയുള്ളവർക്ക് താഴെ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരമാണ് ബഹ്റൈനിലേക്ക് പ്രവേശനം അനുവദിക്കുന്നത്:

  • ബഹ്റൈനിലേക്ക് സഞ്ചരിക്കുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
  • PCR സർട്ടിഫിക്കറ്റിന്റെ സാധുത തെളിയിക്കുന്ന QR കോഡ് നിർബന്ധമാണ്.
  • ഇവർക്ക് ബഹ്‌റൈനിൽ പ്രവേശിക്കുന്ന അവസരത്തിലും, ബഹ്‌റൈനിലെത്തിയ ശേഷം പത്താം ദിനത്തിലും PCR ടെസ്റ്റ് നിർബന്ധമാണ്.
  • ഇവർക്ക് 10 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണ്. ബഹ്‌റൈനിൽ സ്വന്തം പേരിലോ, അടുത്ത ബന്ധുക്കളുടെ പേരിലോ അഡ്രസ് ഉള്ളവർക്ക് ഹോം ക്വാറന്റീൻ അനുമതി നൽകുന്നതാണ്.
  • ടെസ്റ്റിംഗ് ചെലവുകൾ നേരിട്ടോ, ‘BeAware Bahrain’ ആപ്പിലൂടെയോ നൽകാവുന്നതാണ്.

റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് നേരിട്ടോ, ട്രാൻസിറ്റ് യാത്രികരായോ പ്രവേശിക്കാൻ അനുമതിയുള്ള വിഭാഗങ്ങളിൽപ്പെടുന്ന, COVID-19 വാക്സിനെടുത്തവരും, അല്ലാത്തവരുമായ, ആറ് വയസിന് മുകളിൽ പ്രായമുള്ളവർക്ക് മേല്പറഞ്ഞ നിബന്ധനകൾ ബാധകമാണ്.