ബഹ്‌റൈൻ: റമദാനിലെ ആദ്യ ദിനം മുതൽ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിക്കും; പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രം

featured GCC News

റമദാനിലെ ആദ്യ ദിനം മുതൽ രാജ്യത്തെ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കും, ഇശാ, തറാവീഹ് നമസ്കാരങ്ങൾക്കുമായി വിശ്വാസികൾക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക്ക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചു. ഏതാനം സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായാണ് പള്ളികളിൽ ഈ അനുമതി നൽകുന്നത്.

രാജ്യത്ത് അംഗീകാരം നൽകിയിട്ടുള്ള COVID-19 വാക്സിനിന്റെ രണ്ട് ഡോസ് കുത്തിവെപ്പ് സ്വീകരിച്ചവർ, COVID-19 രോഗമുക്തി നേടിയവർ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് മാത്രമാണ് ഇത്തരത്തിൽ പള്ളികളിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക്, രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച ശേഷം 14 ദിവസത്തിന് ശേഷമാണ് ഇത്തരത്തിൽ പള്ളികളിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

മറ്റു പ്രാർത്ഥനകൾക്കായി മന്ത്രാലയം മുൻപ് അറിയിച്ചിട്ടുള്ള നിബന്ധനകൾ പ്രകാരം വിശ്വാസികൾക്ക് പ്രവേശനം നൽകുന്നതാണ്. 2021 മാർച്ച് 11 മുതൽ ബഹ്‌റൈനിലെ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ ഒഴികെയുള്ള മുഴുവൻ പ്രാർത്ഥനാ സമയങ്ങളിലും വിശ്വാസികൾക്ക് പ്രവേശനമനുവദിച്ചിട്ടുണ്ട്.