ബഹ്‌റൈൻ: ഫെബ്രുവരി 15 മുതൽ പള്ളികളിലെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കും

Bahrain

രാജ്യത്തെ പള്ളികളിൽ പ്രാർത്ഥനകൾക്കായെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ 2022 ഫെബ്രുവരി 15 മുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചു. 2022 ഫെബ്രുവരി 10-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

2022 ഫെബ്രുവരി 15, ചൊവ്വാഴ്ച്ച മുതൽ രാജ്യത്ത് ഗ്രീൻ ലെവൽ അലേർട്ട് ഏർപ്പെടുത്താനുള്ള നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്‌സിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ് പള്ളികളിലെ മുൻകരുതൽ നടപടികളിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ തീരുമാന പ്രകാരം താഴെ പറയുന്ന കാര്യങ്ങളാണ് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചിരിക്കുന്നത്:

  • 2022 ഫെബ്രുവരി 15 മുതൽ രാജ്യത്തെ പള്ളികളിൽ അവയുടെ പൂർണ്ണശേഷിയിൽ വിശ്വാസികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
  • പള്ളികളിലെത്തുന്നവർക്കിടയിലെ സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഒഴിവാക്കുന്നതാണ്.
  • പള്ളികളിലെത്തുന്നവർക്ക് ഗ്രീൻ ഷീൽഡ് വാക്സിൻ പാസ് ആവശ്യമില്ല.
  • പള്ളികളിലെത്തുന്ന വിശ്വാസികൾ മാസ്കുകൾ നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്.

2022 ഫെബ്രുവരി 15 മുതൽ രാജ്യത്ത് ഗ്രീൻ ലെവൽ അലേർട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.