ബഹ്‌റൈൻ: ഫെബ്രുവരി 15 മുതൽ ഗ്രീൻ ലെവൽ COVID-19 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ മന്ത്രാലയം

GCC News

2022 ഫെബ്രുവരി 15, ചൊവ്വാഴ്ച്ച മുതൽ രാജ്യത്ത് ഗ്രീൻ ലെവൽ അലേർട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ഫെബ്രുവരി 10-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

യെല്ലോ ലെവൽ COVID-19 നിയന്ത്രണങ്ങൾ 2022 ഫെബ്രുവരി 14 വരെ തുടരാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. 2022 ഫെബ്രുവരി 15 മുതൽ ബഹ്‌റൈനിൽ ഗ്രീൻ ലെവൽ COVID-19 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ താഴെ പറയുന്ന ഇളവുകൾ അനുവദിക്കുന്നതാണ്:

  • സിനിമാശാലകൾ, കളിയിടങ്ങൾ, വിനോദകേന്ദ്രങ്ങൾ, കോൺഫറൻസ് ഹാളുകൾ, കായികവേദികൾ തുടങ്ങി ഇൻഡോറിൽ പ്രവർത്തിക്കുന്ന എല്ലാ ഇടങ്ങളിലേക്കും, ചടങ്ങുകളിലേക്കും അത്തരം വേദികളുടെ പൂർണ്ണശേഷിയിൽ സന്ദർശകരെ അനുവദിക്കുന്നതാണ്.
  • ഇത്തരം ഇടങ്ങളിൽ പ്രവേശിക്കുന്നതിന് സന്ദർശകർക്ക് ഗ്രീൻ ഷീൽഡ് വാക്സിൻ പാസ് ആവശ്യമില്ല.
  • ഇൻഡോർ ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാണെന്ന വ്യവസ്ഥ തുടരുന്നതാണ്.

ഗ്രീൻ അലേർട്ട് പ്രാബല്യത്തിൽ വരുന്നതോടെ താഴെ പറയുന്ന ഇടങ്ങളിലേക്ക് എല്ലാവർക്കും (വാക്സിനെടുത്തവരും, വാക്സിനെടുക്കാത്തവരും ഉൾപ്പടെ) പ്രവേശനം നൽകുന്നതാണ്:

  • വിദ്യാലയങ്ങൾ, ട്രെയിനിങ്ങ് സ്ഥാപനങ്ങൾ.
  • ഷോപ്പിംഗ് മാൾ.
  • വാണിജ്യശാലകൾ, ചില്ലറവില്പനശാലകൾ.
  • റെസ്റ്ററന്റുകൾ, കഫെ.
  • ജിം, സ്പോർട്സ് ഹാൾ, സ്വിമ്മിങ്ങ് പൂളുകൾ.
  • ബാർബർ ഷോപ്പ്, സലൂൺ, സ്പാ.
  • വിനോദകേന്ദ്രങ്ങൾ, കളിയിടങ്ങൾ.
  • സർക്കാർ സ്ഥാപനങ്ങൾ.
  • പരിപാടികൾ, സമ്മേളനങ്ങൾ തുടങ്ങിയവ.
  • കായിക മത്സരങ്ങളുടെ വേദികൾ.

രാജ്യത്തെ COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനായി 2021 ജൂലൈ 2 മുതൽ ട്രാഫിക് ലൈറ്റ് സിഗ്നലിന് സമാനമായ ഒരു കളർ കോഡിങ്ങ് സംവിധാനമാണ് ബഹ്‌റൈൻ ഉപയോഗിക്കുന്നത്. ഈ കളർ ലെവൽ പ്രകാരമാണ് ബഹ്‌റൈനിലെ വിവിധ മേഖലകളിലെ നിയന്ത്രണങ്ങളും, ഇളവുകളും കണക്കാക്കുന്നത്. ഈ സംവിധാന പ്രകാരം, COVID-19 നിയന്ത്രണങ്ങളിൽ ഏറ്റവും കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുള്ളത് ഗ്രീൻ അലേർട്ട് ലെവലിലാണ്.