വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള യാത്രികർക്ക് ഈദുൽ ഫിത്ർ അവധിയിലെ ആദ്യ ദിനം മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് COVID-19 ടെസ്റ്റ് ആവശ്യമില്ലെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 6-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് അംഗീകാരം നൽകിയിട്ടുള്ള COVID-19 വാക്സിനിന്റെ രണ്ട് ഡോസ് കുത്തിവെപ്പ് സ്വീകരിച്ചവർ, COVID-19 രോഗമുക്തി നേടിയവർ എന്നീ വിഭാഗങ്ങളിലുള്ള യാത്രികർക്കാണ് ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിന് COVID-19 ടെസ്റ്റ് ഒഴിവാക്കി നൽകിയിട്ടുള്ളത്. ഇവർ ‘BeAware’ ആപ്പിലൂടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ രോഗമുക്തരായ സ്റ്റാറ്റസ് എന്നിവ ഹാജരാക്കേണ്ടതാണ്.
രാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾ നയിക്കുന്ന നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം.
ഈ വർഷത്തെ ഈദുൽ ഫിത്ർ അവധിയിലെ ആദ്യ ദിനം മുതൽ, ഭക്ഷണശാലകൾ, സിനിമാഹാൾ തുടങ്ങിയ ഇടങ്ങളിലെ ഇൻഡോർ സേവനങ്ങൾ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായും ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.