ബഹ്‌റൈൻ: ഈദുൽ ഫിത്ർ അവധിയിലെ ആദ്യ ദിനം മുതൽ വിവിധ മേഖലകളിലെ ഇൻഡോർ സേവനങ്ങൾ വാക്സിനെടുത്തവർക്ക് മാത്രമാക്കുന്നു

featured GCC News

ഈ വർഷത്തെ ഈദുൽ ഫിത്ർ അവധിയിലെ ആദ്യ ദിനം മുതൽ, ഭക്ഷണശാലകൾ, സിനിമാഹാൾ തുടങ്ങിയ ഇടങ്ങളിലെ ഇൻഡോർ സേവനങ്ങൾ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾ നയിക്കുന്ന നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം.

ഏപ്രിൽ 6-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാഗമായി വിവിധ മേഖലകളിലെ ഇൻഡോർ സേവനങ്ങൾ 2 ഡോസ് വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചവർ, COVID-19 രോഗമുക്തി നേടിയവർ തുടങ്ങിയ ഏതാനം വിഭാഗങ്ങൾക്ക് മാത്രമാക്കി പരിമിതപ്പെടുത്തുന്നതാണ്.

ഈദുൽ ഫിത്ർ അവധിയിലെ ആദ്യ ദിനം മുതൽ ബഹ്‌റൈനിൽ താഴെ പറയുന്ന ഇൻഡോർ സേവനങ്ങൾ വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്കും, രോഗമുക്തി നേടിയവർക്കും മാത്രമായി പരിമിതപ്പെടുത്തുന്നതാണ്:

  • ഭക്ഷണശാലകളിലെ ഇൻഡോർ ഡൈനിങ്ങ് സേവനങ്ങൾ.
  • ഇൻഡോർ ജിം സേവനങ്ങൾ.
  • ഇൻഡോർ സ്വിമ്മിങ്ങ് പൂൾ.
  • സിനിമാശാലകൾ.
  • സ്പോർട്സ് വേദികളിൽ ആരാധകരെ പ്രവേശിപ്പിക്കുന്നത്.
  • ഇൻഡോർ വേദികൾ, കോൺഫറൻസ് ഹാളുകൾ എന്നിവിടങ്ങളിൽ വെച്ച് നടത്തുന്ന ചടങ്ങുകൾ.
  • കുട്ടികൾക്കായുള്ള ഇൻഡോർ കളിയിടങ്ങൾ, വിനോദ കേന്ദ്രങ്ങൾ.
  • സ്പാ.

താഴെ പറയുന്ന വിഭാഗങ്ങളിൽ ഉൾപ്പെടാത്തവർക്ക് മേൽ പറഞ്ഞ ഇൻഡോർ സേവനങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.

ഈദുൽ ഫിത്ർ അവധിയിലെ ആദ്യ ദിനം മുതൽ താഴെ പറയുന്ന വിഭാഗങ്ങളിൽപ്പെടുന്നവർക്ക് മാത്രമാണ് ഇൻഡോർ സേവനങ്ങൾ ലഭ്യമാക്കുന്നത്:

  • രാജ്യത്ത് അംഗീകാരം നൽകിയിട്ടുള്ള COVID-19 വാക്സിനിന്റെ രണ്ട് ഡോസ് കുത്തിവെപ്പ് സ്വീകരിച്ചവർ. രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച ശേഷം 14 ദിവസത്തിന് ശേഷമാണ് ഇവർക്ക് ഇത്തരം ഇൻഡോർ സേവനങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകുന്നത്. ഇവർ ‘BeAware’ ആപ്പിലൂടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
  • COVID-19 രോഗമുക്തി നേടിയവർ. ഇവർ ‘BeAware’ ആപ്പിലൂടെ രോഗമുക്തരായ സ്റ്റാറ്റസ് ഹാജരാക്കേണ്ടതാണ്.
  • മേൽ പറഞ്ഞ വിധം വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ മാതാപിതാക്കളുടെയോ, രക്ഷകര്‍ത്താക്കളുടെയോ കൂടെ എത്തുന്ന 18 വയസിൽ താഴെ പ്രായമുള്ളവർ.

ഭക്ഷണശാലകളിലെ ഔട്ട്ഡോർ ഡൈനിങ്ങ് സേവനങ്ങൾ, ജിം, സ്പോർട്സ് സ്റ്റേഡിയം എന്നിവിടങ്ങളിലെ ഔട്ട്ഡോർ സേവനങ്ങൾ, കുട്ടികൾക്കായുള്ള തുറന്ന കളിയിടങ്ങൾ, ഔട്ട്ഡോർ സ്വിമ്മിങ്ങ് പൂൾ, ഔട്ട്ഡോർ സിനിമ, വിനോദകേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ സമൂഹ അകലം, മറ്റു സുരക്ഷാ നിർദ്ദേശങ്ങൾ എന്നിവ പാലിച്ച് കൊണ്ട് മറ്റുള്ളവർക്കും സേവനങ്ങൾ നൽകുന്നത് തുടരുന്നതാണ്.