രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വേതനം ഉറപ്പ് വരുത്തുന്നതിനുള്ള പ്രത്യേക പദ്ധതി 2021 മെയ് 1 മുതൽ നടപ്പിലാക്കുമെന്ന് ബഹ്റൈൻ മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MLSD) അറിയിച്ചു. മെയ് 1 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ് സ്വകര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ഈ തീരുമാനം നടപ്പിലാക്കുന്നത്.
മാർച്ച് 28-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഈ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് MLSD മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ ‘2021/ 22’ എന്ന ഔദ്യോഗിക ഉത്തരവിറക്കിയതായി ബഹ്റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്വകാര്യ മേഖലയിൽ തൊഴിൽ തർക്കങ്ങൾ പരമാവധി കുറയ്ക്കുന്നതിന് മന്ത്രാലയം ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ഈ ഉത്തരവ് പ്രകാരം പദ്ധതിയുടെ ആദ്യ ഘട്ടം 2021 മെയ് 1 മുതൽ നടപ്പിലാക്കും. മെയ് 1 മുതൽ ബഹ്റൈനിലെ 500-ൽ പരം തൊഴിലാളികളുള്ള സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലാണ് ഈ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കുന്നത്. 50 മുതൽ 449 വരെ തൊഴിലാളികളുള്ള സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ 2021 സെപ്റ്റംബർ 1 മുതൽ ഈ പദ്ധതി നിലവിൽ വരുന്നതാണ്. ഒന്ന് മുതൽ അമ്പത് വരെ തൊഴിലാളികളുള്ള സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ 2022 ജനുവരി 1 മുതലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഓരോ ഘട്ടം നടപ്പിലാക്കുന്ന അവസരത്തിലും അതാത് വിഭാഗങ്ങളിൽ പെടുന്ന സ്ഥാപനങ്ങൾക്ക് ഉത്തരവ് നടപ്പിലാക്കുന്നതിന് ആറ് മാസത്തെ അധിക സമയം അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ശമ്പളം കൃത്യമായ ഇടവേളകളിൽ നൽകേണ്ടത് സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഗാർഹിക ജീവനക്കാർക്കിടയിലും ഈ പദ്ധതി നടപ്പിലാക്കുമെന്നാണ് ലഭിക്കുന്ന സൂചന.
തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിന് ഈ തീരുമാനം സഹായകമാണ്. തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ശമ്പളം കൃത്യമായി എത്തുന്നത് ഉറപ്പാക്കുന്നതിലൂടെ രാജ്യത്തെ സ്വകാര്യ തൊഴിൽ മേഖലയിൽ സുതാര്യത ഉറപ്പ് വരുത്തുന്നതിനും, തൊഴിൽ ചൂഷണങ്ങൾ ഒഴിവാക്കുന്നതിനും, ശമ്പളവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനും, അനധികൃത തൊഴിലാളികളുടെ ഉപയോഗം ഒഴിവാക്കുന്നതിനും MLSD ലക്ഷ്യമിടുന്നു. മനുഷ്യക്കടത്തുൾപ്പടെയുള്ള പ്രവർത്തനങ്ങൾ തടയുന്നതിന് ഈ പദ്ധതി സഹായകമാകുമെന്നും അലി ഹുമൈദാൻ കൂട്ടിച്ചേർത്തു.