ഇന്ത്യ ഉൾപ്പടെ അഞ്ച് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കാൻ ബഹ്‌റൈനിലെ COVID-19 പ്രതിരോധ നടപടികളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് തീരുമാനിച്ചു. ബഹ്‌റൈൻ എയർപോർട്ട് അധികൃതരാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്ന് ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന യാത്രികർക്കാണ് ഈ നിബന്ധന ഏർപ്പെടുത്തിയിരിക്കുന്നത്. ആറ് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾ ഉൾപ്പടെ മുഴുവൻ യാത്രികർക്കും (ട്രാൻസിറ്റ് യാത്രികർ ഉൾപ്പടെ) ഈ തീരുമാനം ബാധകമാണ്.
ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്ന് ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പുതിയ യാത്രാ നിബന്ധനകൾ:
- ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക്, ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
- ഇത്തരം PCR നെഗറ്റീവ് സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കുന്ന പരിശോധനകൾക്കായി അവയിൽ QR കോഡ് ഉൾപ്പെടുത്തിയിരിക്കേണ്ടതാണ്.
- ഇവർക്ക് ബഹ്‌റൈനിലെ വിമാനത്താവളത്തിൽ വെച്ച് PCR പരിശോധന നടത്തുന്നതാണ്. അഞ്ച് ദിവസത്തിൽ കൂടുതൽ രാജ്യത്ത് തുടരുന്നവർ അഞ്ചാം ദിനത്തിൽ രണ്ടാമതൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്. പത്ത് ദിവസത്തിൽ കൂടുതൽ രാജ്യത്ത് തുടരുന്നവർ, പത്താം ദിനത്തിൽ മൂന്നാമതൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.
- ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർ 10 ദിവസത്തേക്ക് വീടുകളിലോ, പ്രത്യേകം ഒരുക്കിയിട്ടുള്ള ഹോട്ടലുകളിലോ ക്വാറന്റീനിൽ തുടരേണ്ടതാണ്.
Photo: @BahrainAirport