ബഹ്‌റൈൻ: സന്ദർശക വിസ കാലാവധി നീട്ടുന്നതിന് ജനുവരി 22 മുതൽ ഫീ ഈടാക്കും

GCC News

സന്ദർശക വിസകളുടെ കാലാവധി നീട്ടുന്നതിനുള്ള സേവനങ്ങൾക്ക് ഫീ ഈടാക്കുന്ന നടപടി 2021 ജനുവരി 22 മുതൽ പുനരാരംഭിക്കുമെന്ന് ബഹ്‌റൈനിലെ നാഷണാലിറ്റി, പാസ്സ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു. ജനുവരി 17-ന് രാത്രിയാണ് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

സന്ദർശക വിസകളുടെ കാലാവധി NPRA സ്വയമേവ, സൗജന്യമായി നീട്ടിനൽകിയിരുന്ന നടപടികൾ ജനുവരി 22-ന് അവസാനിക്കുന്നതിനാലാണ് സേവനങ്ങൾക്ക് ഫീ ഈടാക്കുന്നത് പുനരാരംഭിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. COVID-19 പശ്ചാത്തലത്തിലെ യാത്രാ നിയന്ത്രണങ്ങൾ മൂലം സന്ദർശകർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ്, 2020 ഏപ്രിൽ 21 മുതൽ ഇത്തരം വിസകളുടെ കാലാവധി നീട്ടുന്നത് സൗജന്യമാക്കുന്നതുൾപ്പടെയുള്ള പ്രത്യേക ഇളവുകൾ ബഹ്‌റൈൻ നൽകിയിരുന്നത്.

https://www.bahrain.bh എന്ന വിലാസത്തിലൂടെയോ, വിവിധ വിസ സേവനകേന്ദ്രങ്ങളിൽ നിന്നോ സന്ദർശകർക്ക് വിസകളുടെ കാലാവധി നീട്ടുന്നതിനുള്ള അപേക്ഷ നൽകാവുന്നതാണ്. മുഹറഖ് സെക്യൂരിറ്റി കോംപ്ലക്സ്, സൗത്തേൺ ഗവർണറേറ്റിലെ ഇസ ടൌൺ ഓഫീസ് എന്നിവിടങ്ങളിലെ സേവനകേന്ദ്രങ്ങളിൽ നിന്ന് മുൻ‌കൂർ അനുവാദം നേടിക്കൊണ്ട് ഈ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.