2021 മെയ് 23, ഞായറാഴ്ച്ച മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ നാഷണാലിറ്റി, പാസ്സ്പോർട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു. പുതുക്കിയ യാത്രാ നിബന്ധനകൾ പ്രകാരം മെയ് 23 മുതൽ പൗരന്മാർ, ജി സി സി രാജ്യങ്ങളിലെ പൗരന്മാർ, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള റെസിഡൻസി വിസകളിലുള്ളവർ എന്നീ വിഭാഗങ്ങൾക്ക് മാത്രമാണ് ബഹ്റൈനിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് NPRA വ്യക്തമാക്കിയിട്ടുണ്ട്.
ഈ തീരുമാനപ്രകാരം, താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് മാത്രമാണ് ഇത്തരം വിഭാഗങ്ങളിലുള്ളവർക്ക് ബഹ്റൈനിലേക്ക് പ്രവേശനം അനുവദിക്കുന്നത്:
- ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർ 10 ദിവസത്തേക്ക് ക്വാറന്റീനിൽ തുടരേണ്ടതാണ്.
- ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക്, ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
- ഇത്തരം PCR നെഗറ്റീവ് സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കുന്ന പരിശോധനകൾക്കായി അവയിൽ QR കോഡ് ഉൾപ്പെടുത്തിയിരിക്കേണ്ടതാണ്.
- ഇവർക്ക് ബഹ്‌റൈനിലെ വിമാനത്താവളത്തിൽ വെച്ച് PCR പരിശോധന നടത്തുന്നതാണ്. അഞ്ച് ദിവസത്തിൽ കൂടുതൽ രാജ്യത്ത് തുടരുന്നവർ അഞ്ചാം ദിനത്തിൽ രണ്ടാമതൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്. പത്ത് ദിവസത്തിൽ കൂടുതൽ രാജ്യത്ത് തുടരുന്നവർ, പത്താം ദിനത്തിൽ മൂന്നാമതൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.