ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാക്കിയിട്ടുള്ള യാത്രാനിബന്ധനകളിൽ മാറ്റം; ഇന്ത്യയിൽ നിന്നുള്ള യാത്രാ നിയന്ത്രണം തുടരും

featured GCC News

2021 ജൂൺ 25 മുതൽ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ പ്രവേശിക്കുന്ന യാത്രികർക്ക് ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകളിൽ മാറ്റം വരുത്തുമെന്ന് ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അറിയിച്ചു. ജൂൺ 22-ന് രാത്രിയാണ് ബഹ്‌റൈൻ സിവിൽ ഏവിയേഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/MOH_Bahrain/status/1407457032660205570

2021 ജൂൺ 25 മുതൽ ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ബാധകമാകുന്ന യാത്രാ മാനദണ്ഡങ്ങൾ:

  • ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രികരും (ആറ് വയസിന് മുകളിൽ പ്രായമുള്ള വാക്സിൻ സ്വീകരിച്ചവരും, അല്ലാത്തവരും ആയിട്ടുള്ള മുഴുവൻ പേർക്കും ബാധകം) യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിൽ വെച്ച്, വിമാനത്തിൽ കയറുന്നതിന് മുൻപായി COVID-19 നെഗറ്റീവ് PCR സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഇത്തരം PCR നെഗറ്റീവ് സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കുന്ന പരിശോധനകൾക്കായി അവയിൽ QR കോഡ് ഉൾപ്പെടുത്തിയിരിക്കേണ്ടതാണ്.
  • ഇന്ത്യ ഉൾപ്പടെയുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക്, ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഇത്തരത്തിൽ ഹാജരാക്കേണ്ടത്.
  • റെഡ് ലിസ്റ്റിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് യാത്ര പുറപ്പെടുന്നവർ ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
  • രാജ്യത്തെത്തുന്ന മുഴുവൻ പേർക്കും ബഹ്‌റൈനിലെ വിമാനത്താവളത്തിൽ വെച്ചും, പത്താം ദിനത്തിലും PCR പരിശോധന നടത്തുന്നതാണ്.

റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള നിയന്ത്രണങ്ങൾ:

  • ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർ, പതിനാല് ദിവസത്തിനിടയിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചവർ എന്നീ വിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും.
  • ബഹ്‌റൈൻ പൗരന്മാർ, ബഹ്‌റൈനിൽ സാധുതയുള്ള റെസിഡൻസി വിസകളുള്ളവർ എന്നീ വിഭാഗങ്ങളെ ഈ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇവർക്ക് കർശനമായ പ്രവേശന നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
  • ഇന്ത്യ ഉൾപ്പടെയുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക്, ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
  • ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർ 10 ദിവസത്തേക്ക് ക്വാറന്റീനിൽ തുടരേണ്ടതാണ്.

മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്സിൻ സ്വീകരിക്കാത്ത യാത്രികർക്കും, ബഹ്‌റൈനിൽ സാധുതയില്ലാത്ത വാക്സിനേഷൻ സർട്ടിഫികറ്റുകളുമായി എത്തുന്നവർക്കും 10 ദിവസത്തെ ക്വാറന്റീൻ നിബന്ധന ബാധകമാണ്.

റെഡ് ലിസ്റ്റിൽ പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് താഴെ പറയുന്ന ഇളവുകൾ അനുവദിച്ചിട്ടുണ്ട്:

  • ബഹ്‌റൈൻ അംഗീകാരം നൽകിയിട്ടുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുള്ള, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ യാത്രികർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപുള്ള PCR, ബഹ്‌റൈനിലെത്തിയ ശേഷമുള്ള ക്വാറന്റീൻ എന്നിവ ഒഴിവാക്കിയിട്ടുണ്ട്.
  • യു എസ് എ, യു കെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, കാനഡ, ഓസ്ട്രേലിയ, ന്യൂസീലാൻഡ്, സൗത്ത് കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുള്ളവർക്ക് രാജ്യത്ത് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്.