ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ 2021 നവംബർ 14 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് (CAA) അറിയിച്ചു. നവംബർ 10-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്.
ബഹ്‌റൈനിലെ കൊറോണ വൈറസ് പ്രതിരോധ നടപടികൾക്ക് നേതൃത്വം നൽകുന്ന നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സിന്റെ നിർദ്ദേശങ്ങൾക്ക് ഗവണ്മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരം നൽകിയതിനെ തുടർന്നാണ് വിദേശത്ത് നിന്നെത്തുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത്.
ഈ അറിയിപ്പ് പ്രകാരം, നവംബർ 14 മുതൽ വിദേശത്ത് നിന്നെത്തുന്നവർക്ക് താഴെ പറയുന്ന നിബന്ധനകൾ ബാധകമാകുന്നതാണ്:
- നവംബർ 14 മുതൽ COVID-19 യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയിരുന്ന റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക ഒഴിവാക്കുന്നതാണ്.
- ബഹ്‌റൈനിലെത്തുന്ന വാക്സിനെടുക്കാത്ത മുഴുവൻ യാത്രികർക്കും തങ്ങളുടെ താമസയിടങ്ങളിൽ ക്വാറന്റീനിൽ തുടരുന്നതിന് അനുമതി നൽകും. നേരത്തെ ഇത്തരം യാത്രികരെ പ്രത്യേക ക്വാറന്റീൻ കേന്ദ്രങ്ങളിലാണ് പാർപ്പിച്ചിരുന്നത്.
നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള മറ്റു COVID-19 സുരക്ഷാ നിയന്ത്രണങ്ങൾ തുടരുമെന്ന് CAA വ്യക്തമാക്കിയിട്ടുണ്ട്. ബഹ്റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാക്കിയിട്ടുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ https://healthalert.gov.bh/ എന്ന വിലാസത്തിൽ ലഭ്യമാണ്.