2021 ഓഗസ്റ്റ് 29, ഞായറാഴ്ച്ച മുതൽ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. രാജ്യത്തെ COVID-19 പ്രതിരോധത്തിന്റെ ചുമതലയുള്ള നാഷണൽ ടാസ്‌ക്‌ഫോഴ്‌സിന്റെ നിർദ്ദേശങ്ങൾ പ്രകാരമാണ് ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ പ്രവേശിക്കുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത്.
സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഈ തീരുമാനം സംബന്ധിച്ചുള്ള അറിയിപ്പ് ഓഗസ്റ്റ് 24-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം പങ്ക് വെച്ചത്. ഈ അറിയിപ്പ് പ്രകാരം, 2021 ഓഗസ്റ്റ് 29 മുതൽ താഴെ പറയുന്ന മാറ്റങ്ങളാണ് പ്രവേശന മാനദണ്ഡങ്ങളിൽ വരുത്തുന്നത്:
- വിസ ഓൺ അറൈവൽ അർഹതയുള്ള രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക്, അവർ ഇത്തരം രാജ്യങ്ങളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള COVID-19 വാക്സിനേഷൻ കുത്തിവെപ്പിന്റെ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് കൊണ്ട് ബഹ്റൈനിലേക്ക് പ്രവേശിക്കാവുന്നതാണ്.
- മുഴുവൻ യാത്രികർക്കും ബഹ്‌റൈനിലെത്തിയ ശേഷം അഞ്ചാം ദിനത്തിൽ ഒരു അധിക PCR പരിശോധന ഏർപ്പെടുത്തുന്നതാണ്.
- മറ്റു യാത്രാ നിബന്ധനകളെല്ലാം മാറ്റങ്ങളില്ലാതെ തുടരുന്നതാണ്.
ഈ പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ, ഓഗസ്റ്റ് 29 മുതൽ ബഹ്‌റൈനിലെത്തുന്ന മുഴുവൻ പേർക്കും ബഹ്‌റൈനിലെ വിമാനത്താവളത്തിൽ വെച്ചും, അഞ്ചാം ദിനത്തിലും, പത്താം ദിനത്തിലും PCR പരിശോധന നടത്തുന്നതാണ്.
2021 ജൂൺ 25-ന് പ്രാബല്യത്തിൽ വന്നിട്ടുള്ള യാത്രാ നിബന്ധനകൾ പ്രകാരം, ഇന്ത്യ ഉൾപ്പടെയുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ബഹ്‌റൈൻ പൗരന്മാർ, സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർ എന്നീ വിഭാഗങ്ങൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർ 10 ദിവസത്തേക്ക് ക്വാറന്റീനിൽ തുടരേണ്ടതാണ്.