ബഹ്‌റൈൻ: COVID-19 ബൂസ്റ്റർ ഡോസ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി; ബൂസ്റ്റർ ഡോസ് ഇടവേള മൂന്ന് മാസമാക്കി കുറച്ചു

Bahrain featured

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി വാക്സിനെടുത്തവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ 1-നാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ പേരുടെയും ബൂസ്റ്റർ ഡോസ് ഇടവേള മൂന്ന് മാസമാക്കി കുറയ്ക്കാൻ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. നേരത്തെ സിനോഫാം വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർക്ക് മാത്രമാണ് മൂന്ന് മാസത്തെ ഇടവേളയിൽ ബൂസ്റ്റർ ഡോസ് നൽകിയിരുന്നത്.

മറ്റു വാക്സിനുകളെടുത്തവർക്ക് ആറ് മാസത്തെ ഇടവേളയിലാണ് ബൂസ്റ്റർ ഡോസ് നൽകിയിരുന്നത്. പുതിയ തീരുമാന പ്രകാരം ഇത് മൂന്ന് മാസമാക്കി കുറച്ചിട്ടുണ്ട്. ഈ തീരുമാനം ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

2021 ഡിസംബർ 1-ലെ അറിയിപ്പ് പ്രകാരം ബഹ്‌റൈനിൽ താഴെ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരമാണ് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്നത്:

  • സിനോഫാം വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർ – 18 മുതൽ 39 വയസ് വരെ പ്രായമുള്ള ഈ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് രണ്ടാം ഡോസ് എടുത്ത് 3 മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി സിനോഫാം, ഫൈസർ എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. 40 വയസിന് മുകളിൽ പ്രായമുള്ളവർക്കും, 40 വയസിനു താഴെ പ്രായമുള്ള വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ, അമിതവണ്ണമുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയ വിഭാഗങ്ങൾക്കും രണ്ടാം ഡോസ് എടുത്ത് ഒരു മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി സിനോഫാം, ഫൈസർ എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
  • ഫൈസർ ബയോഎൻടെക് വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർ – 18 വയസിന് മുകളിൽ പ്രായമുള്ള ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് രണ്ടാം ഡോസ് എടുത്ത് 3 മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി ഫൈസർ വാക്സിൻ തന്നെയാണ് നൽകുന്നത്.
  • കോവിഷീൽഡ് ആസ്ട്ര സെനേക വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർ – 18 വയസിന് മുകളിൽ പ്രായമുള്ള ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് രണ്ടാം ഡോസ് എടുത്ത് 3 മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി കോവിഷീൽഡ് ആസ്ട്ര സെനേക, ഫൈസർ എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
  • സ്പുട്നിക് V വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർ – 18 വയസിന് മുകളിൽ പ്രായമുള്ള ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് രണ്ടാം ഡോസ് എടുത്ത് 3 മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി സ്പുട്നിക് V, ഫൈസർ എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
  • COVID-19 രോഗമുക്തി നേടിയവരും, രണ്ട് ഡോസ് വാക്സിനെടുത്തവരുമായവർ – ഇവർക്ക് COVID-19 രോഗബാധിതരായ തീയതി മുതൽ ആറ് മാസം (നേരത്തെ പന്ത്രണ്ട് മാസം) കണക്കാക്കിയാണ് ബൂസ്റ്റർ നൽകുന്നത്.