ബഹ്‌റൈൻ: COVID-19 മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി; മെയ് 27 മുതൽ മാളുകൾ അടച്ചിടും; ഭക്ഷണശാലകളിൽ പാർസൽ സേവനം മാത്രം

featured GCC News

രാജ്യത്തെ COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ 2021 മെയ് 27, വ്യാഴാഴ്ച്ച മുതൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനിലെ COVID-19 പ്രതിരോധത്തിന്റെ ചുമതലയുള്ള നാഷണൽ ടാസ്‌ക്‌ഫോഴ്‌സ്‌ മെയ് 26-ന് രാത്രി നടത്തിയ പത്രസമ്മേളനത്തിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

രാജ്യത്തെ COVID-19 രോഗബാധ രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനം. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന COVID-19 രോഗബാധിതരുടെ കണക്കാണ് കഴിഞ്ഞ ദിവസം ബഹ്‌റൈനിൽ രേഖപ്പെടുത്തിയത്.

ഈ അറിയിപ്പ് പ്രകാരം മെയ് 27 അർദ്ധരാത്രി മുതൽ ജൂൺ 10 അർദ്ധരാത്രിവരെ ബഹ്‌റൈനിൽ താഴെ പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്:

  • രാജ്യത്തെ എല്ലാ മാളുകൾ, ചില്ലറ വില്പന ശാലകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവ അടച്ചിടും.
  • റസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഭക്ഷണശാലകളിൽ ഹോം ഡെലിവറി, ടേക്ക് എവേ സേവനങ്ങൾ മാത്രമാക്കി നിയന്ത്രണമേർപ്പെടുത്തും.
  • ജിം, സ്പോർട്സ് കേന്ദ്രങ്ങൾ, സ്വിമ്മിങ്ങ് പൂളുകൾ, ബീച്ചുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവ അടച്ചിടുന്നതാണ്.
  • സിനിമാശാലകൾ അടച്ചിടും.
  • സാമൂഹിക ചടങ്ങുകൾ, കോൺഫെറൻസുകൾ മുതലായവയ്ക്ക് അനുമതിയില്ല.
  • വീടുകളിൽ വെച്ച് നടത്തുന്ന എല്ലാ കൂടിച്ചേരലുകളും, പരിപാടികളും നിരോധിച്ചിട്ടുണ്ട്.
  • കായികവിനോദങ്ങൾ നടക്കുന്ന ഇടങ്ങളിലേക്ക് ആരാധകർക്ക് പ്രവേശനം അനുവദിക്കില്ല.
  • എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പരമാവധി ശേഷിയുടെ 30 ശതമാനം ജീവനക്കാർക്ക് മാത്രം നേരിട്ട് പ്രവേശനം. മറ്റുള്ളവർക്ക് വർക്ക് അറ്റ് ഹോം നടപ്പിലാക്കും.
  • ബാർബർ ഷോപ്പുകൾ, സലൂൺ, സ്പാ മുതലായവ അടച്ചിടും.
  • എല്ലാ വിദ്യാലയങ്ങളിലും വിദൂര പഠനരീതി നടപ്പിലാക്കും.
  • രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നിലവിലെ നിബന്ധനകൾ തുടരും.

താഴെ പറയുന്ന പ്രവർത്തനങ്ങൾക്ക് ഈ കാലയളവിൽ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്:

  • സൂപ്പർമാർക്കറ്റുകൾ.
  • പഴം പച്ചക്കറി വില്പനശാലകൾ.
  • മീൻ, മാംസം എന്നിവയുടെ വില്പനശാലകൾ.
  • ബേക്കറി.
  • ഇന്ധന വിതരണ കേന്ദ്രങ്ങൾ.
  • സ്വകാര്യ ഹോസ്പിറ്റലുകൾ (NHRA-യുടെ നിർദ്ദേശപ്രകാരം)
  • ഫാർമസികൾ.
  • ടെലികമ്മ്യൂണിക്കേഷൻ ഷോപ്പുകൾ.
  • ബാങ്കുകൾ, മണി എക്സ്ചേഞ്ച്.
  • സ്വകാര്യ സ്ഥാപനങ്ങൾ, ഓഫീസുകൾ. fices
  • കയറ്റുമതി, ഇറക്കുമതി സ്ഥാപനങ്ങൾ.
  • കൺസ്ട്രക്ഷൻ മേഖലയിലെ സ്ഥാപനങ്ങൾ.
  • ഫാക്ടറികൾ.
  • ഓട്ടോമൊബൈൽ റിപ്പയർ സ്ഥാപനങ്ങൾ.