2021 മെയ് 21, വെള്ളിയാഴ്ച്ച മുതൽ രാജ്യത്തെ COVID-19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനിലെ COVID-19 പ്രതിരോധ ചുമതലയുള്ള നാഷണൽ ടാസ്‌ക്‌ഫോഴ്‌സ് തയ്യാറാക്കിയ ഈ പുതുക്കിയ മാനദണ്ഡങ്ങൾ മെയ് 20-ന് ചേർന്ന പ്രത്യേക പത്രസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്.
രാജ്യത്തെ ആരോഗ്യ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് നാഷണൽ ടാസ്‌ക്‌ഫോഴ്‌സ് ഈ മാനദണ്ഡങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഈ മാനദണ്ഡങ്ങൾക്ക് ബഹ്‌റൈൻ ഗവണ്മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. ഈ മാനദണ്ഡങ്ങൾ 2021 മെയ് 21, വെള്ളിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. 2021 ജൂൺ 3 വരെയാണ് നിലവിൽ ഈ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത്.
മെയ് 21 മുതൽ ബഹ്‌റൈനിൽ പ്രാബല്യത്തിൽ വരുന്ന COVID-19 മാനദണ്ഡങ്ങൾ:
- ഷോപ്പിംഗ് മാളുകൾ, മറ്റു വാണിജ്യ കേന്ദ്രങ്ങൾ മുതലായ ഇടങ്ങളിലേക്ക് 18 വയസിന് മുകളിൽ പ്രായമുള്ളവരും, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരുമായവർക്ക് മാത്രമാണ് മെയ് 21 മുതൽ പ്രവേശനം അനുവദിക്കുന്നത്. ഇവർ രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച് 14 ദിവസം നിർബന്ധമായും പൂർത്തിയാക്കിയിരിക്കണം. COVID-19 രോഗമുക്തി നേടിയവർക്കും ഇത്തരം ഇടങ്ങളിൽ പ്രവേശിക്കാവുന്നതാണ്. ഇവർ ‘BeAware’ ആപ്പിൽ പൂർണ്ണമായും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായുള്ള സ്റ്റാറ്റസ് (പച്ച നിറത്തിലുള്ള ഷീൽഡ്) , അല്ലെങ്കിൽ രോഗമുക്തരായ സ്റ്റാറ്റസ് എന്നിവ പരിശോധനകൾക്കായി ഹാജരാക്കേണ്ടതാണ്.
- ചില്ലറവില്പനശാലകൾ (സൂപ്പർമാർക്കറ്റുകൾ ഒഴികെ), ബാങ്ക്, ഫാർമസി, ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്ക് 18 വയസിന് മുകളിൽ പ്രായമുള്ളവരും, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരുമായവർക്ക് മാത്രമാണ് മെയ് 21 മുതൽ പ്രവേശനം അനുവദിക്കുന്നത്. രോഗമുക്തി നേടിയവർക്കും പ്രവേശനം അനുവദിക്കുന്നതാണ്. ഇവർ മുകളിൽ പറഞ്ഞിട്ടുള്ള പോലെ വാക്സിൻ സ്റ്റാറ്റസ്, അല്ലെങ്കിൽ രോഗമുക്തി നേടിയതിന്റെ സ്റ്റാറ്റസ് എന്നിവ ‘BeAware’ ആപ്പിലൂടെ തെളിയിക്കേണ്ടതാണ്.
- ഭക്ഷണശാലകൾ, സിനിമാഹാൾ തുടങ്ങിയ ഇടങ്ങളിലെ ഇൻഡോർ സേവനങ്ങൾ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇവർ മുകളിൽ പറഞ്ഞിട്ടുള്ള പോലെ വാക്സിൻ സ്റ്റാറ്റസ്, അല്ലെങ്കിൽ രോഗമുക്തി നേടിയതിന്റെ സ്റ്റാറ്റസ് എന്നിവ ‘BeAware’ ആപ്പിലൂടെ തെളിയിക്കേണ്ടതാണ്.
- സർക്കാർ ഓഫീസുകൾ, മറ്റു സേവനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമാണ് പ്രവേശനം. ഇവർ മുകളിൽ പറഞ്ഞിട്ടുള്ള പോലെ വാക്സിൻ സ്റ്റാറ്റസ്, അല്ലെങ്കിൽ രോഗമുക്തി നേടിയതിന്റെ സ്റ്റാറ്റസ് എന്നിവ ‘BeAware’ ആപ്പിലൂടെ തെളിയിക്കേണ്ടതാണ്.
- സ്വകാര്യ ഇടങ്ങളിൽ പരമാവധി 6 പേർക്ക് മാത്രമാണ് കൂടിച്ചേരുന്നതിന് അനുമതി.
രാജ്യത്തെ വിവിധ വാണിജ്യ പ്രവർത്തനമേഖലകളിലെ ഇൻഡോർ സേവനങ്ങൾ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനം ഈദുൽ ഫിത്ർ അവധിയിലെ ആദ്യ ദിനം മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.