ബഹ്‌റൈൻ: നോമ്പ് സമയങ്ങളിൽ പൊതു ഇടങ്ങളിൽ വെച്ച് ഭക്ഷണം കഴിക്കുന്നവർക്ക് മുന്നറിയിപ്പ്

Bahrain

രാജ്യത്തെ പൊതു ഇടങ്ങളിൽ വെച്ച് റമദാൻ മാസത്തിലെ നോമ്പ് സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നവർക്ക് ബഹ്‌റൈൻ അധികൃതർ മുന്നറിയിപ്പ് നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ ഉണ്ടാകുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

ഇത്തരം പ്രവർത്തികൾ മര്യാദാലംഘനമായി കണക്കാക്കുന്നതും, ഇത്തരക്കാർക്ക് ഒരു വർഷം വരെ തടവ് ശിക്ഷയും, കനത്ത പിഴയും ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നോമ്പ് സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നവർ പൊതു ഇടങ്ങളിൽ വെച്ച് അത്തരം പ്രവർത്തികൾ ചെയ്യരുതെന്നും, വീടുകളിലോ, താമസയിടങ്ങളിലോ വെച്ച് അത് നിർവഹിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ആരോഗ്യപരമായ കാരണങ്ങൾ മൂലം നോമ്പെടുക്കാത്തവർ, നോമ്പെടുക്കാത്ത ഗർഭിണികൾ മുതലായവർക്കും ഇതേ നിയമം ബാധകമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഈ വിഭാഗങ്ങളിൽപ്പെടുന്നവരും പൊതു ഇടങ്ങളിൽ വെച്ച് ഭക്ഷണം കഴിക്കരുത്.

ബഹ്‌റൈൻ നിയമത്തിലെ മതപരമായ ചടങ്ങുകൾ, ആചാരങ്ങൾ മുതലായവയെ അവഹേളിക്കുന്ന പ്രവർത്തികൾ തടയുന്നതിനായുള്ള ആർട്ടിക്കിൾ 309, 310 എന്നിവ പ്രകാരമാണ് ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്കെതിരെ നടപടികൾ കൈക്കൊള്ളുന്നത്. നോമ്പ് സമയങ്ങളിൽ പൊതു ഇടങ്ങളിൽ മറ്റുള്ളവർ കാൺകെ ഭക്ഷണ പാനീയങ്ങൾ ഉപയോഗിക്കുക, പുക വലിക്കുക, ഉറക്കെ ശബ്ദമുണ്ടാക്കുക മുതലായ എല്ലാ പ്രവർത്തികൾക്കും ഈ നിയമം ബാധകമാണ്. രാജ്യത്തെ പൗരന്മാരും, പ്രവാസികളും ഉൾപ്പടെ എല്ലാ മതവിഭാഗങ്ങളിൽ പെടുന്നവർക്കും ഈ നിയമം ബാധകമാണ്.