രാജ്യത്ത് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവരുടെ BeAware ആപ്പിലെ സ്റ്റാറ്റസ് 2021 ഒക്ടോബർ 3 മുതൽ മാറുമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വിഭാഗങ്ങളിൽപ്പെടുന്നവരുടെ BeAware ആപ്പിലെ ഗ്രീൻ ഷീൽഡ് സ്റ്റാറ്റസ് യെല്ലോ ഷീൽഡ് സ്റ്റാറ്റസിലേക്ക് മാറുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ഇവർ ഗ്രീൻ സ്റ്റാറ്റസ് തിരികെ ലഭിക്കുന്നതിനായി ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കേണ്ടതാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്ക് ബൂസ്റ്റർ വാക്സിൻ ലഭിക്കുന്നതിനുള്ള മുൻകൂർ ബുക്കിംഗ് ആരോഗ്യ മന്ത്രലായത്തിന്റെ https://healthalert.gov.bh/ എന്ന വെബ്സൈറ്റിലൂടെയും, BeAware ആപ്പിലൂടെയും പൂർത്തിയാക്കാവുന്നതാണ്.
ബഹ്‌റൈനിൽ താഴെ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരമാണ് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്നത്:
- സിനോഫാം വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർ – 18 മുതൽ 39 വയസ് വരെ പ്രായമുള്ള ഈ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് രണ്ടാം ഡോസ് എടുത്ത് 3 മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി സിനോഫാം, ഫൈസർ എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. 40 വയസിന് മുകളിൽ പ്രായമുള്ളവർക്കും, 40 വയസിനു താഴെ പ്രായമുള്ള വിട്ടുമാറാത്ത അസുഖങ്ങളുള്ളവർക്കും രണ്ടാം ഡോസ് എടുത്ത് ഒരു മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി സിനോഫാം, ഫൈസർ എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
- ഫൈസർ ബയോഎൻടെക് വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർ – ഇവർക്ക് രണ്ടാം ഡോസ് എടുത്ത് 6 മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി ഫൈസർ വാക്സിൻ തന്നെയാണ് നൽകുന്നത്.
- കോവിഷീൽഡ് ആസ്ട്ര സെനേക വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർ – ഇവർക്ക് രണ്ടാം ഡോസ് എടുത്ത് 6 മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി കോവിഷീൽഡ് ആസ്ട്ര സെനേക, ഫൈസർ എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
- സ്പുട്നിക് V വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർ – ഇവർക്ക് രണ്ടാം ഡോസ് എടുത്ത് 6 മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി സ്പുട്നിക് V, ഫൈസർ എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
- COVID-19 രോഗമുക്തി നേടിയവരും, രണ്ട് ഡോസ് വാക്സിനെടുത്തവരുമായവർ – ഇവർക്ക് COVID-19 രോഗബാധിതരായ തീയതി മുതൽ പന്ത്രണ്ട് മാസം കണക്കാക്കിയാണ് ബൂസ്റ്റർ നൽകുന്നത്.