റിയാദ് സീസൺ: ബീസ്റ്റ് ലാൻഡ് തുറന്നു

featured GCC News

റിയാദ് സീസൺ 2025 വേദിയിലെ ആകർഷണങ്ങളിലൊന്നായ ബീസ്റ്റ് ലാൻഡ് നവംബർ 13-ന് ഔദ്യോഗികമായി തുറന്ന് കൊടുത്തു. റിയാദ് സീസൺ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

അമേരിക്കൻ യൂട്യൂബ് താരം മിസ്റ്റർ ബീസ്റ്റ് (ജിമ്മി ഡൊണാൾഡ്‌സൺ) ഈ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. വിവിധ ആഘോഷപരിപാടികളുടെ അകമ്പടിയോടെയാണ് ബീസ്റ്റ് ലാൻഡ് തുറന്ന് കൊടുത്തത്.

Source: Riyadh Season.

ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിനും മിസ്റ്റർ ബീസ്റ്റിനെ കാണുന്നതിനുമായി നിരവധി ആരാധകർ തടിച്ച് കൂടിയിരുന്നു.

Source: Riyadh Season.

ബുലവാർഡ് സിറ്റി, ബുലവാർഡ് വേൾഡ് എന്നിവയ്ക്ക് സമീപത്തായാണ് ബീസ്റ്റ് ലാൻഡ് വിനോദ മേഖല സ്ഥിതി ചെയ്യുന്നത്. സന്ദർശകർക്ക് ആവേശകരമായ വെല്ലുവിളികൾ ഉൾപ്പെടുന്ന വമ്പിച്ച വിനോദ അനുഭവങ്ങൾ നൽകുന്ന രീതിയിലാണ് ബീസ്റ്റ് ലാൻഡ് വിനോദ മേഖല ഒരുക്കിയിരിക്കുന്നത്.

Source: Riyadh Season.

ഏതാണ്ട് 188000 സ്‌ക്വയർ മീറ്ററിലധികം വിസ്തൃതിയുള്ള ബീസ്റ്റ് ലാൻഡിൽ എല്ലാ പ്രായവിഭാഗത്തിലുള്ള സന്ദർശകർക്കും ആസ്വദിക്കാനാകുന്ന മത്സരങ്ങൾ, സാഹസികമായ അനുഭവങ്ങൾ, ഇന്ററാക്ടീവ് ഷോകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

ബീസ്റ്റ് ലാൻഡ് പ്രവർത്തന സമയങ്ങൾ:

  • സാധാരണ പ്രവർത്തിദിനങ്ങളിൽ – വൈകീട്ട് 4 മണിമുതൽ അർദ്ധരാത്രി വരെ.
  • വാരാന്ത്യങ്ങളിൽ – വൈകീട്ട് 4 മണിമുതൽ രാത്രി 1 മണി വരെ.

വൈക്കിംഗ് കോസ്റ്റർ, ഫാന്റം XXL, ടോപ് സ്പിൻ, അമ്പത് മീറ്റർ ഉയരമുള്ള ബംഗീ ജമ്പ് എന്നിവ ഉൾപ്പടെ പതിനഞ്ചിലധികം പ്രധാന റൈഡുകളും, 14 അതുല്യമായ അനുഭവങ്ങളും ബീസ്റ്റ് ലാൻഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ടവർ സീജ്, ബാറ്റിൽ ബ്രിഡ്ജ്, വാരിയർ ചലഞ്ച് എന്നിവ ഉൾപ്പടെ പത്തോളം മത്സര വെല്ലുവിളികൾ ഉൾപ്പെടുത്തിയിട്ടുള്ള ബീസ്റ്റ് അരീന എന്ന പ്രത്യേക മേഖലയും ബീസ്റ്റ് ലാൻഡിലെത്തുന്ന സന്ദർശകർക്ക് ആസ്വദിക്കാവുന്നതാണ്.

കുട്ടികൾക്കുള്ള പ്രത്യേക കളിസ്ഥലം, ഇരുപതോളം ഭക്ഷണപാനീയ സ്റ്റാളുകൾ തുടങ്ങിയവയും ബീസ്റ്റ് ലാൻഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.