റിയാദ് സീസൺ: ബീസ്റ്റ് ലാൻഡ് നവംബർ 13-ന് തുറക്കും

featured GCC News

റിയാദ് സീസൺ 2025 വേദിയിലെ ആകർഷണങ്ങളിലൊന്നായ ബീസ്റ്റ് ലാൻഡ് നവംബർ 13-ന് തുറക്കും. 2025 നവംബർ 6-നാണ് റിയാദ് സീസൺ അധികൃതർ ഇക്കാര്യം അറിയിച്ചത്.

ബീസ്റ്റ് ലാൻഡ് സന്ദർശിക്കുന്നതിനുള്ള ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണെന്ന് റിയാദ് സീസൺ അധികൃതർ അറിയിച്ചിട്ടുണ്ട്. സന്ദർശകർക്ക് ആവേശകരമായ വെല്ലുവിളികൾ ഉൾപ്പെടുന്ന വമ്പിച്ച വിനോദ അനുഭവങ്ങൾ നൽകുന്ന രീതിയിലാണ് ബീസ്റ്റ് ലാൻഡ് വിനോദ മേഖല ഒരുക്കുന്നത്.

ബുലവാർഡ് സിറ്റി, ബുലവാർഡ് വേൾഡ് എന്നിവയ്ക്ക് സമീപത്തായാണ് ബീസ്റ്റ് ലാൻഡ് വിനോദ മേഖല സ്ഥിതി ചെയ്യുന്നത്. അമേരിക്കൻ യൂട്യൂബ് താരം മിസ്റ്റർ ബീസ്റ്റുമായി (ജിമ്മി ഡൊണാൾഡ്‌സൺ) സഹകരിച്ചാണ് ഈ വിനോദ മേഖല ഒരുക്കിയിരിക്കുന്നത്.

ഏതാണ്ട് 188000 സ്‌ക്വയർ മീറ്ററിലധികം വിസ്തൃതിയുള്ള ബീസ്റ്റ് ലാൻഡിൽ എല്ലാ പ്രായവിഭാഗത്തിലുള്ള സന്ദർശകർക്കും ആസ്വദിക്കാനാകുന്ന മത്സരങ്ങൾ, സാഹസികമായ അനുഭവങ്ങൾ, ഇന്ററാക്ടീവ് ഷോകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

ബീസ്റ്റ് ലാൻഡ് പ്രവർത്തന സമയങ്ങൾ:

  • സാധാരണ പ്രവർത്തിദിനങ്ങളിൽ – വൈകീട്ട് 4 മണിമുതൽ അർദ്ധരാത്രി വരെ.
  • വാരാന്ത്യങ്ങളിൽ – വൈകീട്ട് 4 മണിമുതൽ രാത്രി 1 മണി വരെ.

വൈക്കിംഗ് കോസ്റ്റർ, ഫാന്റം XXL, ടോപ് സ്പിൻ, അമ്പത് മീറ്റർ ഉയരമുള്ള ബംഗീ ജമ്പ് എന്നിവ ഉൾപ്പടെ പതിനഞ്ചിലധികം പ്രധാന റൈഡുകളും, 14 അതുല്യമായ അനുഭവങ്ങളും ബീസ്റ്റ് ലാൻഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ടവർ സീജ്, ബാറ്റിൽ ബ്രിഡ്ജ്, വാരിയർ ചലഞ്ച് എന്നിവ ഉൾപ്പടെ പത്തോളം മത്സര വെല്ലുവിളികൾ ഉൾപ്പെടുത്തിയിട്ടുള്ള ബീസ്റ്റ് അരീന എന്ന പ്രത്യേക മേഖലയും ബീസ്റ്റ് ലാൻഡിലെത്തുന്ന സന്ദർശകർക്ക് ആസ്വദിക്കാവുന്നതാണ്.

കുട്ടികൾക്കുള്ള പ്രത്യേക കളിസ്ഥലം, ഇരുപതോളം ഭക്ഷണപാനീയ സ്റ്റാളുകൾ തുടങ്ങിയവയും ബീസ്റ്റ് ലാൻഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.