സൗദി അറേബ്യ: ഭിക്ഷാടനത്തിലേർപ്പെടുന്നവർക്ക് സുരക്ഷാ അധികൃതർ മുന്നറിയിപ്പ് നൽകി

GCC News

രാജ്യത്ത് ഭിക്ഷാടനത്തിലേർപ്പെടുന്നവർക്ക് സൗദി അറേബ്യയിലെ പൊതു സുരക്ഷാ വിഭാഗം അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ രാജ്യവ്യാപകമായി അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികൾ കൈകൊണ്ട് വരുന്നതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

സൗദി അറേബ്യയിലെ ഭിക്ഷാടന നിരോധന നിയമപ്രകാരമാണ് ഇവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതെന്ന് പൊതു സുരക്ഷാ വിഭാഗം വക്താവ് ബ്രിഗേഡിയർ ജനറൽ സമി അൽ ഷുവൈരേഖ് അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയുള്ളതുൾപ്പടെ എല്ലാ തരത്തിലുള്ള ഭിക്ഷാടനവും സൗദിയിൽ നിരോധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ജനങ്ങളെ ഓർമ്മപ്പെടുത്തി.

ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്കെതിരായ അന്വേഷണത്തിന്റെ ആദ്യ നടപടി എന്ന രീതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്ത് ഭിക്ഷാടനം ഒരുലക്ഷം റിയാൽ പിഴയും, പരമാവധി ഒരു വർഷത്തെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഭിക്ഷാടനത്തിൽ ഏർപ്പെടുന്നതും, യാചകവൃത്തിക്കായി ആളുകളെ ഏർപ്പെടുത്തുന്നതും, പ്രോത്സാഹിപ്പിക്കുന്നതും, യാചകരുടെ ഒരു സംഘത്തെ നിലനിർത്തുന്നതും ഇത്തരം ശിക്ഷാനടപടികൾ നേരിടേണ്ടി വരാവുന്ന കുറ്റകൃത്യമായി കണക്കാക്കുന്നതാണ്. ഇത്തരം പ്രവർത്തികൾക്ക് ഒരു വർഷത്തെ തടവും, ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.

ഇത്തരത്തിൽ പിടിക്കപ്പെടുന്നവർ വിദേശികളാണെങ്കിൽ ഇവർക്ക് മറ്റു ശിക്ഷാ നടപടികൾ ചുമത്തിയ ശേഷം നാടുകടത്തൽ ഉൾപ്പടെയുള്ള നടപടികൾ നേരിടേണ്ടിവരാവുന്നതാണ്.