ദുബായ് വിമാനത്താവളത്തിൽ ഇറങ്ങുന്ന വിമാനങ്ങളുടെ എണ്ണത്തിൽ 48 മണിക്കൂർ നേരത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തി

GCC News

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിമാനങ്ങളുടെ എണ്ണത്തിൽ 48 മണിക്കൂർ നേരത്തേക്ക് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതായി എയർപോർട്ട് അധികൃതർ അറിയിച്ചു. 2024 ഏപ്രിൽ 19-നാണ് ദുബായ് ഇന്റർനാഷണൽ എയർപോർട്ട്സ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2024 ഏപ്രിൽ 19, വെള്ളിയാഴ്ച ഉച്ചമുതൽ 48 മണിക്കൂർ നേരത്തേക്കാണ് അറൈവൽ ഫ്ലൈറ്റുകളുടെ എണ്ണത്തിൽ ദുബായ് വിമാനത്താവളം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കനത്ത മഴമൂലം തടസം നേരിട്ട വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ എത്രയും വേഗത്തിൽ സാധാരണ നിലയിലേക്ക് മടക്കി കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം.

സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള ഡിപ്പാർച്ചർ ബുക്കിംഗ് ഉള്ള യാത്രികർ മാത്രം വിമാനത്താവളത്തിലെത്തിയാൽ മതിയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇവർ തങ്ങളുടെ വിമാനം യാത്ര പുറപ്പെടുന്ന സമയത്തിന് രണ്ട് മണിക്കൂർ മുൻപ് മാത്രം വിമാനത്താവളത്തിലെത്തിയാൽ മതിയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്.