അബുദാബിയിൽ രാത്രി 10 മുതൽ രാവിലെ 6 വരെ മൂവ് പെർമിറ്റ് നിർബന്ധമാക്കി

GCC News

COVID-19 പശ്ചാത്തലത്തിൽ, അബുദാബിയിലെ നിവാസികൾക്ക് മൂവ് പെർമിറ്റ് നിർബന്ധമാക്കിയതായി പോലീസ് അറിയിച്ചു. അണുനശീകരണ പ്രവർത്തനങ്ങളും, ശുചീകരണ നടപടികളും നടപ്പിലാക്കുന്ന, രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള കാലയളവിലെ യാത്രകൾക്കാണ് ഈ മൂവ് പെർമിറ്റ് ഏർപ്പെടുത്തിയത്. സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

https://www.adpolice.gov.ae/ എന്ന വെബ്സൈറ്റിലൂടെ ഈ പെർമിറ്റിന് അപേക്ഷിക്കാവുന്നതാണ്. ഈ വെബ്‌സൈറ്റിൽ ‘Move Permits Services – Abu Dhabi‘ എന്ന ബട്ടണിലാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. മൊബൈൽ നമ്പർ നൽകിയശേഷം, OTP വെരിഫിക്കേഷൻ പൂർത്തിയാക്കി, മൂവ് പെർമിറ്റിനുള്ള വിവരങ്ങൾ ഈ സംവിധാനത്തിൽ നൽകാവുന്നതാണ്.

ഈ തീരുമാന പ്രകാരം, യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള രാത്രി 10 മുതൽ രാവിലെ 6 വരെ, അടിയന്തിര ആവശ്യങ്ങൾക്ക് വീടുകൾക്ക് പുറത്തിറങ്ങുന്നതിന് ഇനി മുതൽ മൂവ് പെർമിറ്റ് കൂടിയേ തീരു എന്ന് അധികൃതർ വ്യക്തമാക്കി. പെർമിറ്റുകൾ കൂടാതെ ഹോസ്പിറ്റൽ, ഫാർമസി മുതലായ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ, അധികൃതരെ യാത്രയുടെ അടിയന്തിര സ്വഭാവം വ്യക്തമാക്കുന്ന തെളിവുകൾ സഹിതം കാര്യങ്ങൾ ബോധിപ്പിക്കാൻ ബാധ്യസ്ഥരായിരിക്കും എന്നും അധികൃതർ ഓർമ്മിപ്പിച്ചു.

നിയമലംഘനങ്ങൾക്കെതിരെ പിഴകൾ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ ഉണ്ടായിരിക്കും. മൂവ് പെർമിറ്റ് ലഭിക്കുന്നവർ, പെർമിറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള സമയങ്ങൾക്കുള്ളിൽ തങ്ങളുടെ യാത്രകൾ പൂർത്തിയാക്കി മടങ്ങണമെന്നും, മൂവ് പെർമിറ്റിൽ രേഖപ്പെടുത്താത്ത സമയങ്ങളിൽ പുറത്തിറങ്ങുന്നവർക്കും ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്ന കാലയളവിൽ അടിയന്തിരമായി തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്ക് പുറത്ത് പോകുന്നവർക്ക് തൊഴിലുടമയുടെ വിവരങ്ങൾ, യാത്ര ചെയ്യുന്ന വാഹനത്തിന്റെ വിവരങ്ങൾ മുതലായവ അധികൃതർക്ക് ഈ സംവിധാനത്തിലൂടെ നൽകേണ്ടി വരും. പോലീസ് വാഹനങ്ങൾ , ആംബുലൻസ്, ഫയർ സർവീസ് വാഹനങ്ങൾ മുതലായ അടിയന്തിര സ്വഭാവമുള്ള മേഖലകളിലെ വാഹനങ്ങൾക്ക് ഇളവുകൾ ഉണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഇത്തരം നിയമലംഘനങ്ങൾക്ക് പിടിക്കപെടുന്നവർക്ക്, ഇത് സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ, നിയമ ലംഘന നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ, pp.gov.ae എന്ന വെബ്സൈറ്റിലൂടെ പബ്ലിക് പ്രോസിക്യൂഷനു പരാതികൾ ബോധിപ്പിക്കാവുന്നതാണ്.