സൗദി: റിയാദ് എക്സ്പോ 2030 സൈറ്റ് BIE സംഘം പരിശോധിച്ചു

featured GCC News

ലോക എക്സ്പോ 2030-യ്ക്ക് വേദിയാകാൻ സൗദി അറേബ്യ നിശ്ചയിച്ചിട്ടുള്ള റിയാദിലെ പരിസരങ്ങൾ ഇന്റർനാഷണൽ ബ്യൂറോ ഓഫ് എക്‌സിബിഷൻസ് (Bureau International des Expositions – BIE) എൻക്വയറി മിഷൻ അംഗങ്ങൾ പരിശോധിച്ചു. 2023 മാർച്ച് 9-നാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതിന്റെ ഭാഗമായി BIE പ്രതിനിധി സംഘം ലോക എക്സ്പോ ഒരുക്കുന്നതിനായി സൗദി അറേബ്യ മുന്നോട്ട് വെച്ചിട്ടുള്ള റിയാദിലെ ഏതാണ്ട് ആറ് മില്യൺ സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള വേദിയുടെ മാസ്റ്റർപ്ലാൻ പരിശോധിച്ചു. ലോക എക്സ്പോയുടെ ഔദ്യോഗിക സംഘാടകരാണ് BIE.

Source: Saudi Press Agency.

റോയൽ കമ്മിഷൻ ഫോർ റിയാദ് സിറ്റി സി ഇ ഓ ഫഹദ് അബ്ദുൽമൊഹ്‌സീൻ അൽ റഷീദ് ഇവരെ അനുഗമിച്ചു. റിയാദ് നഗരത്തിൽ ഭാവിയിൽ നടപ്പാക്കാനിരിക്കുന്ന ഗതഗാത സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങള്‍ മുതലായവ അദ്ദേഹം ഈ സംഘത്തെ ധരിപ്പിച്ചു.

Source: Saudi Press Agency.

ഈ സന്ദർശനത്തിന്റെ ഭാഗമായി BIE സംഘം വരും ദിനങ്ങളിൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാനിരിക്കുന്ന റിയാദ് മെട്രോ ശൃംഖലയുടെ ലൈൻ 4-ൽ സഞ്ചരിച്ചു.

Source: Saudi Press Agency.

2030-തോടെ 330 ദശലക്ഷത്തിലധികം യാത്രികർക്ക് സേവനങ്ങൾ നൽകുന്ന രീതിയിൽ സൗദി അറേബ്യയിലെ വ്യോമമേഖലയെ വിപുലീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എൻജിനീയർ സലേഹ് അൽ ജാസർ അറിയിച്ചു. റോഡ്, മെട്രോ എന്നിവ ഉപയോഗിച്ച് എക്സ്പോ വേദിയെയും, വിമാനത്താവളത്തെയും പരസ്പരം ബന്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2030-ലെ ലോക എക്സ്പോയ്ക്ക് വേദിയാകാൻ തങ്ങൾ തയ്യാറാണെന്ന് സൗദി അറേബ്യ 2021 ഒക്ടോബറിൽ ഔദ്യോഗികമായി അറിയിച്ചിരുന്നു.

ലോക എക്സ്പോ 2030-യുടെ വേദിയാകുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്ക് സൗദി അറേബ്യ 2021 ഡിസംബറിൽ തുടക്കമിട്ടിരുന്നു.

സൗദി അറേബ്യയ്ക്ക് പുറമെ റിപ്പബ്ലിക് ഓഫ് കൊറിയ, ഇറ്റലി, ഉക്രൈൻ എന്നീ രാജ്യങ്ങളും ലോക എക്സ്പോ 2030 വേദിയാകുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ട്.

ലോക എക്സ്പോ 2030-ന്റെ വേദിയാകുന്നതിനുള്ള നറുക്കെടുപ്പിൽ സൗദി അറേബ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പ്രചാരണം നൽകുന്നതിനായുള്ള ആഗോളതലത്തിലെ പ്രചാരണ പരിപാടികൾക്ക് എക്സ്പോ 2020 ദുബായ് വേദിയിലെ സൗദി പവലിയനിൽ വെച്ച് 2022 മാർച്ച് 28-ന് നടന്ന സമാപന ചടങ്ങുകളിൽ തുടക്കമിട്ടിരുന്നു.

Cover Image: Saudi Press Agency.