ഫുജൈറയുടെ പ്രകൃതിചരിത്രത്തെ വർണ്ണിക്കുന്ന പുസ്തകം പുറത്തിറക്കി

featured GCC News

എമിറേറ്റിലെ പ്രകൃതിചരിത്രത്തെ വർണ്ണിക്കുന്ന ‘ദി നാച്ചുറൽ ഹിസ്റ്ററി ഓഫ് ഫുജൈറ’ എന്ന പുസ്തകം ഫുജൈറ എൻവിറോണ്മെന്റ് അതോറിറ്റി പുറത്തിറക്കി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഫുജൈറയിലെ പ്രകൃതിചരിത്രത്തെ വർണ്ണിക്കുന്ന ശ്രേണിയിലുള്ള പുസ്തകങ്ങളിൽ ആദ്യത്തേതാണ് ‘ദി നാച്ചുറൽ ഹിസ്റ്ററി ഓഫ് ഫുജൈറ’ എന്ന പുസ്തകം. ഏഴ് പുസ്തകങ്ങളാണ് ഈ ശ്രേണിയിൽ പുറത്തിറക്കുന്നത്.

ഫുജൈറയിലെ അൽ ബഹാർ ഹോട്ടൽ റിസോർട്ടിൽ വെച്ച് നടന്ന പത്രസമ്മേളനത്തിലാണ് ഈ പുസ്തകം പുറത്തിറക്കിയത്. എമിറേറ്റിലെ പരിസ്ഥിതി സംബന്ധിയായ മുഴുവൻ വിഷയങ്ങളും പ്രതിപാദിക്കുന്ന സമഗ്രമായ ഒരു ഗൈഡാണ് ‘ദി നാച്ചുറൽ ഹിസ്റ്ററി ഓഫ് ഫുജൈറ’ എന്ന് അതോറിറ്റി ഡയറക്ടർ അസീല മോഅല്ല അറിയിച്ചു.

Source: @fuj_environment.

ഈ ശ്രേണിയിലെ മറ്റു പുസ്തകങ്ങളുടെ പ്രകാശന തീയതി സംബന്ധിച്ച് താമസിയാതെ അറിയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

‘ആർക്കിയോളജി ഓഫ് ഫുജൈറ’, ‘വെയിൽസ് ആൻഡ് ഡോൾഫിൻസ് ഇൻ ഫുജൈറ’, ‘പ്ലാന്റ്സ് ഇൻ ഫുജൈറ’, ‘ബേഡ്സ് ഇൻ ഫുജൈറ’, ‘റെപ്റ്റിൽസ് ഇൻ ഫുജൈറ’, ‘ജിയോളജി ഓഫ് ഫുജൈറ’ എന്നിവയാണ് ഈ ശ്രേണിയിലെ മറ്റു പുസ്തകങ്ങൾ. ഫുജൈറയുടെ പ്രകൃതിചരിത്രത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമായിരിക്കും ഈ പുസ്തകങ്ങളെന്ന് അസീല മോഅല്ല വ്യക്തമാക്കി.