ഈ വർഷത്തെ റിയാദ് സീസണിന്റെ ഭാഗമായുള്ള ഏറ്റവും വലിയ വിനോദ മേഖലയായ ബുലവാർഡ് വേൾഡ് സോൺ 2023 മാർച്ച് 22 വരെ തുടരുമെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) അറിയിച്ചു.
2023 ജനുവരി 22-നാണ് GEA ചെയർമാൻ തുർക്കി അൽ ഷെയ്ഖ് ഇക്കാര്യം അറിയിച്ചത്.

1.2 കിലോമീറ്റർ നീളമുള്ള ബുലവാർഡ് വേൾഡ് സോണിൽ പത്ത് പവലിയനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ ഉൾപ്പടെ പത്ത് രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന അനുഭവങ്ങൾ സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന രീതിയിലാണ് ബുലവാർഡ് വേൾഡ് ഒരുക്കിയിരിക്കുന്നത്.

കുടുംബങ്ങൾ ഉൾപ്പടെയുള്ള സന്ദർശകർക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാവുന്ന നിരവധി അനുഭവങ്ങളാണ് ബുലവാർഡ് വേൾഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2022 നവംബർ 22-നാണ് ബുലവാർഡ് വേൾഡ് സോൺ ഉദ്ഘാടനം ചെയ്തത്.
ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഫ്രാൻസ്, ഇറ്റലി, മൊറോക്കോ, ഗ്രീസ്, ചൈന, ജപ്പാൻ, സ്പെയിൻ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ പവലിയനുകളാണ് ബുലവാർഡ് വേൾഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബുലവാർഡ് വേൾഡിലെ ഓരോ പവലിയനിൽ നിന്നും സന്ദർശകർക്ക് ഓരോ രാജ്യത്തെയും പ്രധാന ടൂറിസം ആകർഷണങ്ങൾ, സാംസ്കാരിക അനുഭവങ്ങൾ എന്നിവ അടുത്തറിയാൻ സാധിക്കുന്നതാണ്.

ഈ പവലിയനുകൾ അതാത് രാജ്യങ്ങളുടെ വാസ്തുശൈലി, സംഗീതം, നൃത്തം, കലാരൂപങ്ങൾ, ഭക്ഷണപാനീയങ്ങൾ എന്നിവ സന്ദർശകർക്ക് മുന്നിൽ എടുത്ത് കാട്ടുന്നു.

ഈ പവലിയനുകൾക്ക് പുറമെ സൂപ്പർ ഹീറോ സോൺ, കോംബാറ്റ് വില്ലേജ്, ഫൺ സോൺ, ദി പ്ലാനറ്റ്, നിന്ജ വാരിയർ, ഏരിയ 1515, BLVD പിയർ എന്നീ അനുഭവങ്ങളും ബുലവാർഡ് വേൾഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബുലവാർഡ് വേൾഡ് സോൺ അഞ്ച് ഗിന്നസ് ബുക്ക് റെക്കോർഡ് നേട്ടങ്ങൾ സ്വന്തമാക്കിയതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.
Cover Image: Riyadh Season.