ഒമാനിലെ രാത്രികാല കർഫ്യു: മാർച്ച് 28 മുതൽ മുവാസലാത്ത് ബസ് സർവീസുകൾ ദിനവും വൈകീട്ട് 6 മണിവരെ പ്രവർത്തിക്കും

featured GCC News

ഒമാനിൽ മാർച്ച് 28 മുതൽ ഏർപ്പെടുത്തുന്ന രാത്രികാല കർഫ്യു നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ബസ്, ഫെറി എന്നീ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി മുവാസലാത്ത് അറിയിച്ചു. മാർച്ച് 26-നാണ് മുവാസലാത്ത് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

രാജ്യത്ത് 2021 മാർച്ച് 28 മുതൽ ഏപ്രിൽ 8 വരെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ കാലയളവിൽ ദിനവും രാത്രി 8 മുതൽ പിറ്റേന്ന് പുലർച്ചെ 5 മണി വരെ രാജ്യത്ത് വാണിജ്യ പ്രവർത്തനങ്ങൾ, യാത്രകൾ എന്നിവ അനുവദിക്കുന്നതല്ല. ഈ സാഹചര്യത്തിലാണ് മുവാസലാത്ത് പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയം സംബന്ധിച്ച അറിയിപ്പ് നൽകിയത്.

രാത്രികാല കർഫ്യു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന 2021 മാർച്ച് 28 മുതൽ ഏപ്രിൽ 8 വരെയുള്ള ദിവസങ്ങളിൽ ഒമാനിലെ ബസ്, ഫെറി എന്നീ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിൽ താഴെ പറയുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

  • രാത്രികാല കർഫ്യു നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ദിവസങ്ങളിൽ മസ്കറ്റ്, സലാല എന്നിവിടങ്ങളിലെ സിറ്റി ബസുകൾ വൈകീട്ട് 6 മണിക്ക് തങ്ങളുടെ സർവീസുകൾ അവസാനിപ്പിക്കുന്നതാണ്.
  • ഇന്റർസിറ്റി ബസുകൾ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിൽ വൈകീട്ട് 6 മണിയ്ക്ക് മുൻപായി ട്രിപ്പ് അവസാനിപ്പിക്കുന്ന രീതിയിലേക്ക് അവയുടെ സമയക്രമങ്ങൾ മാറ്റുന്നതാണ്.
  • ഫെറികളുടെ പ്രവർത്തനവും കർഫ്യു സമയത്തിന് മുൻപ് സർവീസ് അവസാനിപ്പിക്കുന്ന രീതിയിൽ ക്രമീകരിക്കുന്നതാണ്.
  • ബസ്, ഫെറി എന്നിവയുടെ പ്രവർത്തനസമയങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മുവാസലാത്ത് സമൂഹ മാധ്യമങ്ങളിലൂടെ നൽകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി 24121555, 24121500 എന്നീ നമ്പറുകളിൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന മുവാസലാത്ത് കാൾ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.