ഖോർഫക്കാൻ ആംഫിതിയേറ്റർ ഉദ്ഘാടനത്തിന്റെ സ്മരണാർത്ഥം പുറത്തിറക്കുന്ന പ്രത്യേക നാണയങ്ങൾ 2021 ഫെബ്രുവരി 21 മുതൽ വിതരണം ചെയ്യുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (CBUAE) അറിയിച്ചു. സ്വർണ്ണം, വെള്ളി എന്നിവയിലാണ് ഈ നാണയങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
ഈ പ്രത്യേക നാണയങ്ങൾ വളരെ പരിമിത എണ്ണം മാത്രമാണ് CBUAE പുറത്തിറക്കുന്നത്. ഈ സ്മാരക നാണയങ്ങൾ പുറത്തിറക്കുന്നതിലൂടെ യു എ ഇയുടെയും, ഷാർജ എമിറേറ്റിന്റെയും ഏറ്റവും പ്രധാനപ്പെട്ട ചരിത്ര-സാംസ്കാരിക ഭൂപ്രകൃതിയിലേക്ക് വെളിച്ചം വീശാൻ സെൻട്രൽ ബാങ്ക് ലക്ഷ്യമിടുന്നു.
സ്വർണ്ണത്തിൽ തീർത്ത 100 സ്മാരക നാണയങ്ങളും, വെള്ളിയിൽ തീർത്ത 1000 വെള്ളി സ്മാരക നാണയങ്ങളും മാത്രമാണ് CBUAE പുറത്തിറക്കുന്നത്. സ്വർണ്ണത്തിൽ തീർത്ത സ്മാരക നാണയങ്ങൾക്ക് 50 ഗ്രാം ഭാരവും, വെള്ളിയിൽ തീർത്ത സ്മാരക നാണയങ്ങൾക്ക് 40 ഗ്രാം ഭാരവുമാണുള്ളത്.

ഈ നാണയങ്ങളുടെ മുൻവശത്ത് ഈ പ്രത്യേക സന്ദർഭത്തെ കുറിക്കുന്ന ലോഗോയും, മറുവശത്ത് ഇത് സാക്ഷ്യപ്പെടുത്തുന്ന അറബിക് ലിഖിതവുമാണുള്ളത്. ഈ ശ്രേണിയിൽ പുറത്തിറക്കുന്ന മുഴുവൻ നാണയങ്ങളും CBUAE ഷാർജ ഇസ്ലാമിക് ബാങ്കിന് കൈമാറിയിട്ടുണ്ട്. ഇവ സെൻട്രൽ ബാങ്ക് ആസ്ഥാനത്തും ബ്രാഞ്ചുകളിലും വിൽപ്പനയ്ക്ക് ലഭ്യമാകുന്നതല്ല.
ചരിത്രപരമായ റോമൻ ശൈലിയിൽ രൂപകൽപ്പന ചെയ്ത ഖോർഫക്കാൻ ആംഫിതിയേറ്റർ 2020 ഡിസംബർ 14-നാണ് ഉദ്ഘാടനം ചെയ്തത്. സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഖോർഫക്കാൻ ആംഫിതിയേറ്റർ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.
WAM