2022 ജൂൺ 10 മുതൽ രാജ്യത്ത് വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമായി അനുഭവപ്പെടാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2022 ജൂൺ 8-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇതിന്റെ ഫലമായി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ 2022 ജൂൺ 10, വെള്ളിയാഴ്ച മുതൽ അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇത് അടുത്ത ആഴ്ച്ചയുടെ തുടക്കം വരെ തുടരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ കാറ്റിന്റെ ശക്തി 38 നോട്ട് വരെ അനുഭവപ്പെടാമെന്നും, ഇതിനാൽ തുറന്ന ഇടങ്ങളിൽ അന്തരീക്ഷത്തിലെ കാഴ്ച്ച 2 കിലോമീറ്ററിൽ താഴെ എന്ന രീതിയിലേക്ക് ചുരുങ്ങാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കടലിൽ അഞ്ച് മുതൽ എട്ട് അടി വരെ ഉയരമുള്ള (പരമാവധി പതിമൂന്ന് അടി വരെ) തിരമാലകൾക്ക് സാധ്യതയുണ്ട്.