ഒമാൻ: മാർച്ച് 20, 21 തീയതികൾ ഏതാനം ഗവർണറേറ്റുകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

GCC News

2023 മാർച്ച് 20, തിങ്കളാഴ്ച, മാർച്ച് 21, ചൊവ്വാഴ്ച എന്നീ ദിവസങ്ങളിൽ രാജ്യത്തെ ഏതാനം ഗവർണറേറ്റുകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. 2023 മാർച്ച് 19-ന് വൈകീട്ടാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ദോഫാർ, അൽ വുസ്ത, സൗത്ത് അൽ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ മാർച്ച് 20, 21 തീയതികളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒമാനിലെ മറ്റു ഗവർണറേറ്റുകളിൽ ഈ കാലയളവിൽ ഒറ്റപ്പെട്ട മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്.

മാർച്ച് 20-ന് ഉച്ച മുതൽ മാർച്ച് 21-ന് രാവിലെ 7 മണിവരെയുള്ള കാലയളവിൽ ദോഫാർ, അൽ വുസ്ത, സൗത്ത് അൽ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ ജാഗ്രത പുലർത്തണമെന്നും, ഈ കാലയളവിൽ ഈ ഗവർണറേറ്റുകളിൽ 20 മുതൽ 100 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നും, അതിശക്തമായ കാറ്റ്, ആലിപ്പഴം പൊഴിയൽ മുതലായവ അനുഭവപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ കാലയളവിൽ താഴ്‌വരകളിലൂടെയുള്ള സഞ്ചാരം ഒഴിവാക്കാനും, പെട്ടന്ന് വെള്ളം ഉയരാനിടയുള്ള മേഖലകളിൽ നിന്ന് വിട്ട് നിൽക്കാനും അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ കടൽ പ്രക്ഷുബ്ധമാകാനിടയുണ്ട്. റോഡിലെ കാഴ്ച മറയാനിടയുള്ളതിനാൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

2023 മാർച്ച് 19, ഞായറാഴ്ച മുതൽ മാർച്ച് 23 വ്യാഴാഴ്ച വരെ ഒമാനിൽ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടാനിടയുണ്ടെന്നും, ഇത് മൂലം ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ മാർച്ച് 19-ന് വൈകീട്ട് മുതൽ ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിപ്പ് നൽകിയിരുന്നു.