ഒമാൻ: അൽ ഹജാർ മലനിരകളിലും സമീപപ്രദേശങ്ങളിലും മൂന്ന് ദിവസത്തേക്ക് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

Oman

അൽ ഹജാർ മലനിരകളിലും സമീപപ്രദേശങ്ങളിലും അടുത്ത മൂന്ന് ദിവസത്തേക്ക് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2022 സെപ്റ്റംബർ 18-ന് രാവിലെയാണ് ഒമാൻ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ പ്രദേശങ്ങളിൽ വെകുന്നേരങ്ങളിലും, രാത്രിയിലും മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. ഒമാന്റെ തീരദേശമേഖലകളിൽ ചെറിയ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഞായർ, തിങ്കൾ ദിനങ്ങളിൽ മുസന്ദം ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിൽ ഒന്നര മീറ്റർ മുതൽ രണ്ട് മീറ്റർ വരെയുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്. സെപ്റ്റംബർ 19-ന് അൽ ദഹിറ, അൽ വുസ്ത, ദോഫാർ എന്നീ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.