ഒമാൻ: ഒക്ടോബർ 11 മുതൽ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിൻറെ വിവിധ മേഖലകളിൽ 2025 ഒക്ടോബർ 11, ശനിയാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ഒക്ടോബർ 9-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം 2025 ഒക്ടോബർ 11, ശനിയാഴ്ച മുതൽ ഒമാനിൽ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഇത് ഒക്ടോബർ 11 മുതൽ ഏതാനം ദിവസത്തേക്ക് തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന്റെ ഫലമായി ഒമാനിൽ വിവിധ പ്രദേശങ്ങളിൽ സാമാന്യം ശക്തമായ മഴയ്ക്കും, ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇതോടൊപ്പം ശക്തമായ കാറ്റിനും, ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

മുസന്ദം, നോർത്ത് അൽ ബതീന, അൽ ദഹിറാഹ്, അൽ ബുറൈമി, അൽ ദാഖിലിയ തുടങ്ങിയ ഗവർണറേറ്റുകളിലും, സൗത്ത് അൽ ബതീന, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ എന്നീ ഗവർണറേറ്റുകളുടെ പർവ്വതപ്രദേശങ്ങളിലും ഈ ന്യൂനമർദ്ദത്തിന്റെ പ്രഭാവം കൂടുതൽ ശക്തമായിരിക്കും. ശക്തമായ മഴ മൂലം ഈ മേഖലകളിൽ താഴ്വരകൾ നിറഞ്ഞ് കവിയുന്നതിന് സാധ്യതയുണ്ട്.