2024 ഡിസംബർ 26, വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഡിസംബർ 23-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Weather Condition during 24th– 26th December 2024 pic.twitter.com/c18MYW55XK
— الأرصاد العمانية (@OmanMeteorology) December 23, 2024
ഈ അറിയിപ്പ് പ്രകാരം ഡിസംബർ 24 മുതൽ ഡിസംബർ 26 വരെ ഒമാനിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിവിധ ഗവർണറേറ്റുകളിൽ ഈ കാലയളവിൽ സാമാന്യം ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.
ഡിസംബർ 24, 25 തീയതികളിൽ മുസന്ദം, നോർത്ത് അൽ ബതീന, സൗത്ത് അൽ ബതീന, മസ്കറ്റ് ഗവർണറേറ്റുകളിലും, അൽ ദാഖിലിയ ഗവർണറേറ്റിന്റെ വിവിധ പ്രദേശങ്ങളിലും അഞ്ച് മുതൽ പതിനഞ്ച് മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്. ഇതോടൊപ്പം പത്ത് മുതൽ ഇരുപത് നോട്ട് വരെ വേഗതയിൽ കാറ്റടിക്കുന്നതിനും സാധ്യതയുണ്ട്.
ഡിസംബർ 26-ന് മുസന്ദം, നോർത്ത് അൽ ബതീന, സൗത്ത് അൽ ബതീന, മസ്കറ്റ്, സൗത്ത് അൽ ശർഖിയ ഗവർണറേറ്റുകളിലും, അൽ ദാഖിലിയ ഗവർണറേറ്റിന്റെ വിവിധ പ്രദേശങ്ങളിലും, അൽ ഹജാർ മലനിരകളിലും അഞ്ച് മുതൽ പതിനഞ്ച് മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്. ഇതോടൊപ്പം പത്ത് മുതൽ ഇരുപത് നോട്ട് വരെ വേഗതയിൽ കാറ്റടിക്കുന്നതിനും സാധ്യതയുണ്ട്.