2024 ഒക്ടോബർ 16, ബുധനാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഒക്ടോബർ 13-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം ഒമാനിൽ വിവിധ ഇടങ്ങളിൽ 2024 ഒക്ടോബർ 14 മുതൽ ഒക്ടോബർ 16 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
അൽ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ അതിശക്തമായ മഴയ്ക്കും, ഇടിയോട് കൂടിയ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ട്. മസ്കറ്റ്, നോർത്ത് അൽ ശർഖിയ, അൽ ദാഖിലിയ, സൗത്ത് ബതീന, നോർത്ത് ബതീന, അൽ ദഹിറാഹ്, അൽ ബുറൈമി തുടങ്ങിയ മേഖലകളിലും സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഈ കാലയളവിൽ മുപ്പത് മുതൽ എൺപത് മില്ലീമീറ്റർ വരെ മഴയ്ക്കും, ശക്തമായ കാറ്റിനും, ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്. താഴ്വരകൾ, അരുവികൾ എന്നിവ കരകവിയുന്നതിന് സാധ്യതയുള്ളതിനാൽ പെട്ടന്നുള്ള വെള്ളപ്പൊക്കം ഉണ്ടാകാനിടയുണ്ടെന്നും അതിനാൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.