വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റ് എന്നിവ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഫെബ്രുവരി 8-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2024 ഫെബ്രുവരി 9, വെള്ളിയാഴ്ച കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 10, ശനിയാഴ്ച രാത്രിയോടെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
അന്തരീക്ഷ താപനില 14 ഡിഗ്രി സെൽഷ്യസിനും, 24 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. രാത്രി സമയങ്ങളിൽ 23 നോട്ട് വരെ വേഗതയിലുള്ള വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ടെന്നും, ഇത് അന്തരീക്ഷ താപനില താഴുന്നതിന് കാരണമാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 9-ന് അഞ്ച് മുതൽ പതിനഞ്ച് നോട്ട് വരെ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടാനിടയുണ്ട്. ഫെബ്രുവരി 10-ന് മൂന്ന് മുതൽ പതിമൂന്ന് നോട്ട് വരെ വേഗത്തിൽ വടക്ക് കിഴക്കൻ കാറ്റ് അനുഭവപ്പെടാവുന്നതാണ്.