രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 2022 ജൂലൈ 30, ശനിയാഴ്ച മുതൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജൂലൈ 30 മുതൽ ഓഗസ്റ്റ് 3, ബുധനാഴ്ച വരെ മഴ തുടരാനിടയുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അസീർ, നജ്‌റാൻ, ജസാൻ, അൽ ബാഹ മുതലായ ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ മേഖലകളിൽ മഴയെത്തുടർന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കിനും സാധ്യതയുണ്ട്.
റിയാദ്, ശർഖിയ, ഖാസിം, ഹൈൽ മുതലായ ഇടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളപ്പൊക്കത്തിന് ഇടയുള്ള ഇടങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും, അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും ജനങ്ങളോട് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.