സൗദി അറേബ്യ: ഒട്ടുമിക്ക മേഖലകളിലും ജനുവരി 17 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

Saudi Arabia

രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2023 ജനുവരി 17, ചൊവ്വാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ജനുവരി 15-ന് വൈകീട്ടാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, സൗദി അറേബ്യയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും ജനുവരി 16, 17 തീയതികളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. റിയാദ്, അൽ ശർഖിയ, ഖാസിം, നോർത്തേൺ ബോർഡർ മേഖല, അൽ ജൗഫ് തുടങ്ങിയ ഇടങ്ങളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഈ പ്രദേശങ്ങളിൽ വെള്ളത്തിന്റെ കുത്തൊഴുക്കിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ജസാൻ, ഹൈൽ, അൽ ബാഹ, അസീർ, മക്ക മുതലായ പ്രദേശങ്ങളിലും സാമാന്യം ശക്തമായ മഴ ലഭിക്കാനിടയുണ്ട്. ഇതോടൊപ്പം ആലിപ്പഴം പൊഴിയുന്നതിനും, തീരദേശ മേഖലകളിൽ കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജബൽ അൽ ലൗസ്, അൽ ദഹർ മുതലായ തബൂക് മേഖലയുടെ ഉയരം കൂടിയ പ്രദേശങ്ങളിൽ മഞ്ഞ് പൊഴിയുന്നതിനും സാധ്യതയുണ്ട്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷ താപനില താഴുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി, തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, മദീനയുടെ വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അന്തരീക്ഷ താപനില പൂജ്യം മുതൽ അഞ്ച് ഡിഗ്രി വരെയായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച രാത്രി, റിയാദ്, അൽ ഖാസിം, നോർത്ത് അൽ ശർഖിയ പ്രദേശങ്ങളിൽ അന്തരീക്ഷ താപനില നാല് മുതൽ ഏഴ് ഡിഗ്രി വരെയായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

Cover Image: Saudi Press Agency.