അൽ ഹജാർ മലനിരകളിലും, അൽ വുസ്ത, ദോഫാർ, സൗത്ത് അൽ ശർഖിയ ഗവർണറേറ്റുകളുടെ വിവിധ മേഖലകളിലും 2023 ഏപ്രിൽ 9-ന് രാത്രി വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. 2023 ഏപ്രിൽ 8-ന് രാത്രി വൈകിയാണ് ഒമാൻ CAA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, 2023 ഏപ്രിൽ 9, ഞായറാഴ്ച രാവിലെ 11 മണിമുതൽ രാത്രി 11 മണിവരെ അൽ ഹജാർ മലനിരകളിലും, അൽ വുസ്ത, ദോഫാർ, സൗത്ത് അൽ ശർഖിയ ഗവർണറേറ്റുകളുടെ വിവിധ മേഖലകളിലും ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ മേഖലകളിൽ 10 മുതൽ 30 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.
മഴ അനുഭവപ്പെടുന്ന സമയങ്ങളിൽ ഈ മേഖലകളിലുള്ളവർ ജാഗ്രത പുലർത്താനും, പെട്ടന്ന് വെള്ളം ഉയരാൻ ഇടയുള്ള താഴ്‌വരകളിലൂടെയുള്ള യാത്രകൾ ഒഴിവാക്കാനും CAA ആവശ്യപ്പെട്ടിട്ടുണ്ട്. മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും, കടലിലിറങ്ങരുതെന്നും CAA കൂട്ടിച്ചേർത്തു.
മഴയെത്തുടർന്ന് ഈ മേഖലകളിലെ വാദികൾ നിറഞ്ഞ് കവിയുന്നതിന് സാധ്യതയുണ്ടെന്ന് CAA വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ശക്തമായ കാറ്റിന് സാധ്യതയുള്ളതായും CAA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.