ഒമാൻ: വിവിധ മേഖലകളിൽ മൂന്ന് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

Oman

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ സെപ്റ്റംബർ 30 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2022 സെപ്റ്റംബർ 28-ന് രാത്രിയാണ് കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഇതിന്റെ ഭാഗമായി സെപ്റ്റംബർ 28 മുതൽ മൂന്ന് ദിവസത്തേക്ക് അൽ ഹജാർ മലനിരകളിലും, സമീപപ്രദേശങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം കാറ്റിനും, ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്.

ഈ മഴ പ്രദേശങ്ങളിലെ മരുഭൂമേഖലകളിലേക്ക് വ്യാപിക്കാമെന്നും, താഴ്വരകളിൽ വെള്ളത്തിന്റെ കുത്തൊഴുക്കിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.