രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജൂലൈ 7 മുതൽ ജൂലൈ 9 വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2022 ജൂലൈ 6-ന് രാത്രിയാണ് ഒമാൻ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഈ അറിയിപ്പ് പ്രകാരം ജൂലൈ 7, വെള്ളിയാഴ്ച മുതൽ ജൂലൈ 9, ശനിയാഴ്ച വരെ വിവിധ മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഏതാനം ഇടങ്ങളിൽ 24 മണിക്കൂറിനകം 20 മുതൽ 80 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കുന്നതിന് സാധ്യതയുള്ള മേഖലകളിൽ ജാഗ്രത പുലർത്താനും, ഇത്തരം ഇടങ്ങളിൽ വെള്ളപ്പൊക്കത്തിന് ഇടയുള്ള താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കടൽ പ്രക്ഷുബ്‌ധമാകുന്നതിന് ഇടയുള്ളതിനാൽ കടലിൽ പോകുന്നത് ഒഴിവാക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
2022 ജൂലൈ 7, വ്യാഴാഴ്ച മസ്കറ്റ്, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ ദാഖിലിയ, നോർത്ത് അൽ ബത്തീന, സൗത്ത് ആൾ ബത്തീന, അൽ ബുറൈമി, അൽ ദഹിരാ, അൽ വുസ്ത, ദോഫാർ മുതലായ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട രീതിയിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഏതാനം ഇടങ്ങളിൽ ഈ മഴ വെള്ളപ്പൊക്കത്തിന് ഇടയാക്കാമെന്നും, ഇതോടൊപ്പം 30 മുതൽ 70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2022 ജൂലൈ 8, 9 ദിനങ്ങളിൽ മസ്കറ്റ്, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ ദാഖിലിയ, നോർത്ത് അൽ ബത്തീന, സൗത്ത് ആൾ ബത്തീന, അൽ ബുറൈമി, അൽ ദഹിരാ, അൽ വുസ്ത, ദോഫാർ മുതലായ ഗവർണറേറ്റുകളിലും, മുസന്ദം മേഖലയുടെ ഏതാനം ഭാഗങ്ങളിലും ഒറ്റപ്പെട്ട രീതിയിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഏതാനം ഇടങ്ങളിൽ ഈ മഴ വെള്ളപ്പൊക്കത്തിന് ഇടയാക്കാമെന്നും, ഇതോടൊപ്പം 40 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.