സൗദി: ഏപ്രിൽ 24 വരെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി അറിയിപ്പ്

GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2022 ഏപ്രിൽ 20 ബുധനാഴ്ച മുതൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ മഴ ഏപ്രിൽ 24 ഞായറാഴ്ച വരെ തുടരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

ഇതിന്റെ ഭാഗമായി സൗദിയുടെ വിവിധ മേഖലകളിൽ ഇടിയും മിന്നലും കൂടിയ മഴ, ശക്തമായ കാറ്റ്, ആലിപ്പഴ വർഷം, പൊടിക്കാറ്റ് എന്നിവ അനുഭവപ്പെടാമെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി. അസിർ, ജസാൻ, അൽ ബാഹ, നജ്‌റാൻ, മക്ക, മദീന തുടങ്ങിയ ഗവർണറേറ്റുകളിൽ പൊടിക്കാറ്റ് മൂലം കാഴ്ച്ച തടസപ്പെടുന്നതിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

പൊടിക്കാറ്റ് ഏപ്രിൽ 24 വരെ തുടരുമെന്നും, ഖാസിം, റിയാദ് തുടങ്ങിയ മേഖലകളിലേക്കും ഇത് വ്യാപിക്കാമെന്നും അധികൃതർ അറിയിച്ചു. നോർത്തേൺ ബോർഡർ മേഖലകൾ, അൽ ജൗഫ്, തബുക് തുടങ്ങിയ മേഖലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗദി അറേബ്യയുടെ ഒട്ടുമിക്ക മേഖലകളിലും വരുന്ന ആഴ്ച്ച അവസാനം വരെ മഴ അനുഭവപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.