രാജ്യത്തിന് പുറത്തുള്ള പൗരമാർ, പ്രവാസികൾ എന്നിവർക്ക്, വിദേശത്ത് വെച്ച് സ്വീകരിച്ച COVID-19 വാക്സിൻ വിവരങ്ങൾ ‘Tawakkalna’ ആപ്പിൽ രേഖപ്പെടുത്താനുള്ള സംവിധാനം ആരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂൺ 7-ന് വൈകീട്ടാണ് സൗദി ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
സൗദിയ്ക്ക് പുറത്ത് നിന്ന് സ്വീകരിച്ച വാക്സിൻ ഡോസ് സംബന്ധമായ വിവരങ്ങൾ ആരോഗ്യ മന്ത്രാലയവുമായി പങ്ക് വെക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചിട്ടുണ്ടെന്നും, https://eservices.moh.gov.sa/CoronaVaccineRegistration/ എന്ന വിലാസത്തിലൂടെ ഈ വിവരങ്ങൾ ‘Tawakkalna’ ആപ്പിലേക്ക് ഉൾപ്പെടുത്താമെന്നും മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. ഇത്തരത്തിൽ പങ്ക് വെക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് വ്യക്തികൾ ഉറപ്പ് വരുത്തേണ്ടതാണ്.
സാധുതയുള്ള സൗദി നാഷണൽ, റെസിഡൻസി ഐഡിയുള്ളവർക്കാണ് ഈ സേവനം ഉപയോഗപ്പെടുത്താനാകുന്നത്. സൗദി നാഷണൽ ഐഡി, സൗദി റെസിഡൻസി ഐഡി എന്നിവ ഇല്ലാത്തവർക്ക്, സൗദി അറേബ്യ സന്ദർശിക്കുന്ന ആവശ്യങ്ങൾക്കായി വാക്സിനേഷൻ സംബന്ധമായ വിവരങ്ങൾ പങ്ക് വെക്കുന്നതിന് https://muqeem.sa/#/vaccine-registration/home എന്ന വിലാസം ഉപയോഗിക്കാവുന്നതാണ്.
ഈ സേവനം ഉപയോഗിക്കുന്നതിന് വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ, സ്വീകരിച്ച COVID-19 വാക്സിനിന്റെ പേര്, തീയതി, വാക്സിൻ ബാച്ച് നമ്പർ എന്നിവ ഉൾപ്പെടുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഈ സംവിധാനത്തിലേക്ക് അപ്പ്‌ലോഡ് ചെയ്യേണ്ടതാണ്. വാക്സിനേഷൻ സർട്ടിഫിക്കറ്റ് PDF രൂപത്തിലാണ് (പരമാവധി 1 MB) അപ്പ്‌ലോഡ് ചെയ്യേണ്ടത്. ഇതോടൊപ്പം വ്യക്തിയുടെ പാസ്സ്പോർട്ടിന്റെ കോപ്പി കൂടി അപ്പ്‌ലോഡ് ചെയ്യേണ്ടതാണ്.
ഇത്തരത്തിൽ പങ്ക് വെക്കുന്ന വാക്സിൻ സംബന്ധമായ വിവരങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിന് അഞ്ച് പ്രവർത്തിദിനങ്ങൾ വരെ സമയമെടുക്കാമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഒരു തവണ ഇത്തരം വിവരങ്ങൾ പങ്ക് വെച്ചവർ, മന്ത്രാലയം അത് പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനിടയിൽ ഇതിനായി മറ്റു അപേക്ഷകൾ നൽകരുതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഫൈസർ ബയോഎൻടെക്, മോഡർന, ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക, ജെൻസൺ എന്നീ വാക്സിനുകൾക്കാണ് സൗദി അംഗീകാരം നൽകിയിട്ടുള്ളത്.