എക്സ്പോ 2020 ദുബായ് വേദിയിലെ ഇന്ത്യൻ പവലിയനിൽ നടക്കുന്ന ‘കേരള വീക്ക്’ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ2022 ഫെബ്രുവരി 4, വെള്ളിയാഴ്ച്ച ഉദ്ഘാടനം ചെയ്തു. യു എ ഇ സഹിഷ്‌ണുത, സഹവർത്തിത്വകാര്യ വകുപ്പ് മന്ത്രി H.E ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ സാന്നിധ്യത്തിലാണ് ഈ ഉദ്‌ഘാടന ചടങ്ങ് നടന്നത്.
യു എ ഇ ഫോറിൻ ട്രേഡ് മിനിസ്റ്റർ H.E താനി അൽ സെയൂദി, യു എ ഇയിലെ ഇന്ത്യൻ അംബാസഡർ H.E സഞ്ജയ് സുധീർ തുടങ്ങിയവർ ഇന്ത്യൻ പവലിയനിൽ നടന്ന ഈ ചടങ്ങിൽ പങ്കെടുത്തു.
യു എ ഇയുമായുള്ള ബന്ധത്തിൽ നിന്ന് കേരളത്തിന് കൂടുതൽ നൂതന സാങ്കേതികവിദ്യകളും, നൂതന വാണിജ്യ ആശയങ്ങളും നേടുന്നതിന് അവസരമുണ്ടെന്ന് ഈ ചടങ്ങിൽ സംസാരിച്ച് കൊണ്ട് ഇന്ത്യൻ അംബാസഡർ H.E സഞ്ജയ് സുധീർ വ്യക്തമാക്കി.
കേരള മുഖ്യമന്ത്രിയുടെ യു എ ഇ സന്ദർശനം പ്രവാസി മലയാളികൾക്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും, ഇത് ഇന്ത്യ യു എ ഇ ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“അതിശക്തമായ ഒരു ബന്ധം സ്ഥാപിക്കുന്നതിൽ യു എ ഇയും, കേരളവും എന്നും ഒത്ത് ചേർന്ന് പ്രവർത്തിക്കുന്നു. വാണിജ്യ, സാമ്പത്തിക ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിനൊപ്പം, സാമൂഹിക ബന്ധങ്ങൾ ശക്തമാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ തുടരുന്നതിനും ഞങ്ങൾ ലക്ഷ്യമിടുന്നു. യു എ ഇയിൽ നിന്ന് കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ ഉണ്ടാകുമെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു.”ഈ ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ H.E താനി അൽ സെയൂദി അറിയിച്ചു.
ഈ ചടങ്ങിന്റെ ഭാഗമായി എക്സ്പോ 2020 ദുബായ് വേദിയിലെ ജൂബിലി സ്റ്റേജിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു.
കേരളത്തിന്റെ പൈതൃകം, സാംസ്‌കാരികത്തനിമ എന്നിവ വിളിച്ചോതുന്ന പരമ്പരാഗത സംഗീത, നൃത്ത കലാപരിപാടികൾ ഇതിന്റെ ഭാഗമായി അരങ്ങേറി.
നാടിന്‍റെ പ്രൗഢി, പെരുമ, വൈവിധ്യം, നിക്ഷേപ അവസരങ്ങൾ എന്നിവ അടിവരയിടുന്ന ‘കേരള വീക്ക്’ ഫെബ്രുവരി 4 മുതൽ ഫെബ്രുവരി 19 വരെ നീണ്ട് നിൽക്കും. ഇതിന്റെ ഭാഗമായി ഇന്ത്യൻ പവലിയൻ ആംഫിതിയേറ്ററിൽ പ്രത്യേക കലാപരിപാടികൾ സംഘടിപ്പിക്കുന്നതാണ്.
Cover Photo: Indian Embassy in UAE.