‘ഫ്രം ഒസാക്ക ടു റിയാദ്’: എക്സ്പോ 2030 ഔദ്യോഗിക കൗണ്ട് ഡൗൺ ആരംഭിച്ചു

featured GCC News

സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന റിയാദ് എക്സ്പോ 2030-ന്റെ ഔദ്യോഗിക കൗണ്ട് ഡൗൺ ജപ്പാനിലെ എക്‌സ്‌പോ 2025 ഒസാക്ക വേദിയിൽ ആരംഭിച്ചു. എക്‌സ്‌പോ 2025 ഒസാക്ക വേദിയിലെ സൗദി പവലിയനുമായി ബന്ധപ്പെട്ട ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

2025 ഒക്ടോബർ 10-നാണ് ‘ഫ്രം ഒസാക്ക ടു റിയാദ്’ എന്ന പേരിൽ ജപ്പാനിലെ എക്‌സ്‌പോ 2025 ഒസാക്ക വേദിയിൽ ഈ ഔദ്യോഗിക കൗണ്ട് ഡൗണുമായി ബന്ധപ്പെട്ട പരിപാടികൾ അരങ്ങേറിയത്.

എക്‌സ്‌പോ 2025 ഒസാക്കയിൽ നിന്ന് 2030-ൽ റിയാദിൽ വെച്ച് നടക്കാനിരിക്കുന്ന ലോക എക്സ്പോയിലേക്കുള്ള യാത്രയുടെ തുടക്കം പ്രതിനിധീകരിക്കുന്നതിനാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

Source: @KSAexpo2025

‘ഫ്രം ഒസാക്ക ടു റിയാദ്’ ചടങ്ങിന്റെ ഭാഗമായി വളരെ മനോഹരമായ സാസ്കാരിക പരിപാടികൾ അരങ്ങേറിയിരുന്നു. പ്രശസ്തരായ ജാപ്പനീസ്, സൗദി കലാകാരന്മാർ അണിനിരന്ന ഈ പരിപാടിയിൽ ഏതാണ്ട് 15000-ത്തോളം പേർ പങ്കെടുത്തു.

Source: @Expo2030Riyadh.

സൗദി ഗായകൻ ഘദ ഷേരി, അൽ ബൈരാഖ് അൽ അഖദ്ർ ഡ്രമ്മിങ് ഗ്രൂപ്പ്, ജപ്പാനിൽ നിന്നുള്ള ടൈക്കോ സെന്റർ ഡ്രമ്മെർസ്, കലാകാരന്മാരായ കെൻ ഇഷിയ്, ഡിജെ കായോരി തുടങ്ങിയവർ ഈ സാംസ്കാരിക പരിപാടിയിൽ പങ്കാളികളായി. അത്യന്തം ആവേശം നിറയ്ക്കുന്ന കലാപ്രകടനങ്ങൾ, ലേസർ, ഹോളോഗ്രാം ഷോകൾ തുടങ്ങിയവയിലൂടെ സൗദി, ജപ്പാൻ എന്നീ രാജ്യങ്ങൾ പങ്കിടുന്ന സാംസ്കാരിക ആത്മാവിനെ ഇവർ വേദിയിൽ വരച്ച് കാട്ടി.

Source: @KSAexpo2025

ലോക എക്സ്പോയുടെ ഔദ്യോഗിക സംഘാടകരായ ഇന്റർനാഷണൽ ബ്യൂറോ ഓഫ് എക്‌സിബിഷൻസ് (Bureau International des Expositions – BIE) ഔദ്യോഗിക പതാക ‘ഫ്രം ഒസാക്ക ടു റിയാദ്’ ചടങ്ങിൽ വെച്ച് അടുത്ത എക്സ്പോ നടക്കുന്ന (2030) റിയാദിലെ പ്രതിനിധികൾക്ക് കൈമാറി. 2025 ഒക്ടോബർ 13-നാണ് എക്‌സ്‌പോ 2025 ഒസാക്ക ലോക എക്സ്പോ സമാപിക്കുന്നത്.

Source: @Expo2030Riyadh.

2030 ഒക്ടോബർ 1 മുതൽ 2031 മാർച്ച് 31 വരെയാണ് റിയാദ് എക്സ്പോ 2030 സംഘടിപ്പിക്കുന്നത്. ഏതാണ്ട് 6 മില്യൺ സ്‌ക്വയർ മീറ്ററിലധികം വിസ്തൃതിയിലായിരിക്കും റിയാദ് എക്സ്പോ 2030 വേദി ഒരുക്കുന്നത്.

ആറ് മാസം നീണ്ട് നിൽക്കുന്ന ലോക എക്സ്പോയ്ക്ക് ശേഷം റിയാദ് എക്സ്പോ 2030 വേദിയെ ഒരു സ്ഥിരം ഗ്ലോബൽ വില്ലജ് എന്ന രീതിയിൽ നിലനിർത്തുമെന്നാണ് സൂചന.